ശബരിമല തീർത്ഥാടനം : എരുമേലിയിൽ അയ്യപ്പഭക്തർക്കായി ആശുപത്രി തുറന്നു.
എരുമേലി : കോവിഡ് ടെസ്റ്റും 24 മണിക്കൂർ ചികിത്സയും ഉൾപ്പെടെ ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആയുർവേദം, അലോപ്പതി, ഹോമിയോ ക്ലിനിക്കുകളോടെ താൽക്കാലിക ആശുപത്രി തുറന്നു. ഉദ്ഘാടനം പൂഞ്ഞാർ എംഎൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണവും ആംബുലൻസ് സർവീസുകളുടെ ഉദ്ഘാടനവും ജില്ല മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. അനിതകുമാരിയും അയ്യപ്പഭക്തർക്കായി തയ്യാറാക്കിയ കോവിഡ് ജാഗ്രത സന്ദേശത്തിന്റെ സിഡിയുടെ പ്രകാശനം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടിയും നിർവ്വഹിച്ചു. ആർറ്റിപിസിആർ, മലേറിയ ക്ലിനിക്കുകളുടെ ഉദ്ഘാടനം ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ശ്യാം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി എസ് കൃഷ്ണകുമാർ, ജൂബി അഷറഫ്, മെഡിക്കൽ ഓഫീസർ ഡോ. സീന ഇസ്മായിൽ , ഹെൽത്ത് സൂപ്പർവൈസർ എം വി ജോയ്, അജു മലയിൽ തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎ യുടെ വകയായി പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു.