സഞ്ജിത് വധം: “സൗമ്യനായ’ ബേക്കറി ജീവനക്കാരന്റെ അറസ്റ്റിൽ ഞെട്ടി സഹപ്രവർത്തകർ
മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരന്റെ അറസ്റ്റ് കടയുടമയെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു.
ശനിയാഴ്ച രാത്രിയോടെയാണ് പാലക്കാട് പോലീസ് ബേക്കറി ജീവനക്കാരൻ താമസിച്ചിരുന്ന മുണ്ടക്കയം ബിഎസ്എൻഎല്ലിനു എതിർവശത്തുള്ള കെട്ടിടം വളഞ്ഞു ബേക്കറി ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈർ, ഇയാളുടെ സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരെ പിടികൂടിയത്.
സുബൈർ മുണ്ടക്കയത്തെ ബേക്കറിയിൽ ജോലിക്ക് എത്തിയിട്ടു നാലു മാസം മാത്രമേ ആയിരുന്നുള്ളൂ. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പ്രകൃതമായിരുന്നെന്നും പോലീസ് ഇദ്ദേഹത്തെ പിടികൂടി എന്ന വാർത്ത ഞെട്ടിച്ചെന്നും സഹപ്രവർത്തകർ പറയുന്നു.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന സലാം, ഇസഹാക്ക് എന്നിവർ ഒളിവിൽ താമസിക്കാനായി മുണ്ടക്കയത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. ഇവർ മുണ്ടക്കയത്തെത്തി മണിക്കൂറുകൾക്കകംതന്നെ പോലീസ് പിടിയിലായി.
എറണാകുളത്തുനിന്നു വരുന്പോൾ സലാം, ഇസ്ഹാഖ് എന്നിവർക്കൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും എന്നാൽ, ഇയാൾ പോലീസ് പിടിയിൽനിന്നു രക്ഷപ്പെട്ടതായും പറയപ്പെടുന്നു.
പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘം നേരിട്ടെത്തിയാണ് ഇവരെ പിടികൂടിയത്.