കാഞ്ഞിരപ്പള്ളി 26-ാം മൈൽ പാലത്തിലെ ഗതാഗതനിയന്ത്രണം അറിയാതെ എത്തുന്ന തീർത്ഥാടന വാഹനങ്ങൾ നിരവധി; വാഹനനിയന്ത്രണത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് മൂലം ഗതാഗതകുരുക്ക് പതിവായി
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന ശബരിമല തീർത്ഥാടന പാതയിയിലെ 26-ാം മൈൽ പാലത്തിലൂടെ ഗതാഗതനിയന്ത്രണം ഉണ്ടെന്ന് അറിയാതെ എത്തുന്ന തീർത്ഥാടന വാഹനങ്ങൾ നിരവധി. പാലത്തിലെ വാഹനനിയന്ത്രണത്തിന് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടിയില്ല.
ഗതാഗതം നിരോധിച്ചതറിയാതെ പാലത്തിലേക്ക് വലിയ വാഹനങ്ങൾ കയറുന്നതിനായി ദേശീയപാതയിൽനിന്ന് തിരിക്കുകയും പിന്നീട് പിന്നോട്ട് എടുത്ത് തിരിക്കേണ്ട സ്ഥിതിയാണിപ്പോൾ.
വലിയ വാഹനങ്ങൾ തിരിക്കുമ്പോൾ ദേശീയപാതയിൽ വാഹനങ്ങൾ കുരിക്കിലുമാകുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ ബസുകളിലടക്കം എത്തുന്ന തീർത്ഥാടകർ ഗതാഗത നിരോധനം അറിയാതെ പാലത്തിലൂടെ പ്രവേശിക്കുന്നതിനായും കയറുന്നു. രാത്രിയിലാണ് വലിയ വാഹനങ്ങൾ പാലത്തിനരികിൽ കുടുങ്ങുന്നത്.
കോട്ടയം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ കെ.വി.എം.എസ്. റോഡിലൂടെയും മുണ്ടക്കയം ഭാഗത്തുനിന്ന് മുണ്ടക്കയം -പുലിക്കുന്ന് – എരുമേലി പാതയിലൂടെയുമാണ് കടത്തി വിടുന്നത്. ദേശീയപാത 183-ൽനിന്ന് എരുമേലി പാതയിലേക്ക് പ്രവേശിക്കുന്നയിടത്ത് കഴിഞ്ഞ വർഷങ്ങളിൽ തീർത്ഥാടക വാഹനങ്ങൾ കടത്തിവിടുന്നതിന് പോലീസിനെയും ശബരിമല സ്‌പെഷ്യൽ പോലീസിനെയും നിയമിച്ചിരുന്നു. എന്നാൽ ഇത്തവണ സമാന്തര പാതകളിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതിന് പോലീസിന്റെ സേവനം ലഭ്യമാക്കിയിട്ടില്ല.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന 26-ാം മൈൽ പാലത്തിലൂടെ ആദ്യം ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. പിന്നീട് പാലത്തിന്റെ നടുവിലൂടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു. പാലം അറ്റകുറ്റപ്പണിക്കായി 19.6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയപാലം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 2.73 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്.