ഇടക്കുന്നം ഗവൺമെന്റ് ആശുപത്രിക്ക് അനുവദിച്ച ഫണ്ട് റദ്ദാക്കിയ നടപടി പ്രതിക്ഷേധാർഹം- പി.സി. ജോർജ്
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം കുടുംബാരോഗ്യകേന്ദ്രത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് താൻ ജനപ്രതിനിധി ആയിരുന്നപ്പോൾ അനുവദിച്ച 50 ലക്ഷം രൂപയുടെ പദ്ധതി റദ്ദാക്കിയ പൂഞ്ഞാർ എം.എൽ.എ. യുടെ നടപടി പ്രതിഷേധാർഹമാണെന്ന് പി.സി. ജോർജ്ജ്. കേരള ജനപക്ഷം സെക്കുലർ പാറത്തോട് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ ചടങ്ങിൽ ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും ആവശ്യം പരിഗണിച്ചാണ് ആശുപത്രിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് തുക അനുവദിച്ചത്. ഇതോടൊപ്പം തന്നെ പാറത്തോട് സാംസ്കാരിക നിലയത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച ഫണ്ടും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഇപ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾ സ്വജനപക്ഷപാതവും രാഷ്ട്രീയപ്രേരിതവുമായി തടഞ്ഞിരിക്കുകയാണ്. ഇത്തരം ജനപ്രതിനിധികൾ നാടിന് ഗുണകരമാണോ എന്ന് ജനങ്ങൾ ചിന്തിക്കണമെന്നും റദ്ദാക്കിയ പദ്ധതികൾ വീണ്ടും അനുവദിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും പി.സി. ജോർജ്ജ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സജി കുരീക്കാട് അധ്യക്ഷത വഹിച്ചയോഗത്തിൽ നേതാക്കളായ ജിജോ പതിയിൽ, ജിജി ചേന്നാട്ട്, റോയി ഇട്ടിയവിര, ജോഷി വയലിൽ, അപ്പച്ചൻ പ്ലാത്തോട്ടം, ബിജു ചോറ്റി, കെ.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.