പനമറ്റത്തുകാരുടെ ചങ്കാണ് ജീന ബസും ജീവനക്കാരും; കുടുംബകാര്യങ്ങൾ വരെ അറിയാവുന്ന ഹൃദയബന്ധം !
പൊൻകുന്നം∙ യാത്രക്കാർ സഹകരിച്ചാൽ ഏതു ഗ്രാമീണ മേഖലയിലേക്കും സർവീസ് നടത്താമെന്ന് സ്വകാര്യ ബസ് ഉടമ സംഘം. മിക്ക ഗ്രാമീണ റൂട്ടുകളും നഷ്ടത്തിലാണ്. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ ഇന്ധന ചെലവിനെ കാര്യമായി ബാധിക്കുന്നുണ്ട്. 20% ഡീസൽ അധികമായി വരുന്നുണ്ട്. ഉച്ച സമയത്തെ ട്രിപ്പുകൾക്ക് മിക്കപ്പോഴും ഡീസൽ കാശുപോലും കിട്ടാറില്ല. എങ്കിലും ട്രിപ്പ് മുടക്കരുതെന്നും അവധി ദിവസങ്ങളിലും സർവീസ് നടത്തണമെന്നും ബസുടമകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (കെപിബിഒഎ) കാഞ്ഞിരപ്പള്ളി യൂണിറ്റ് സെക്രട്ടറി കെ.എസ്.ജയകൃഷ്ണൻ നായർ പറഞ്ഞു.
പനമറ്റത്തുകാരുടെ ചങ്കാണ് ജീന ബസ്
27 വർഷങ്ങളായി പനമറ്റം നിവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ് ജീന ബസ്. പല ബസുകളും വിരുന്നെത്തി പോയെങ്കിലും പനമറ്റത്തുകാരുടെ ചങ്കായി മാറിയത് ജീന ബസും ജീവനക്കാരുമാണ്. നാട്ടിലെ ഓരോ യാത്രക്കാരെയും നേരിട്ടറിയാവുന്ന ജീവനക്കാർ. അവർ എവിടെ നിന്നു കയറുന്നു എവിടെ ഇറങ്ങുന്നു എന്നു മാത്രമല്ല അവരിൽ മിക്കവരുടെയും കുടുംബകാര്യങ്ങൾ വരെ അറിയാവുന്ന ഒരു ഹൃദയബന്ധം. സൗഹൃദത്തിന്റെയും കരുതലിന്റെയും കാൽ നൂറ്റാണ്ട് പൂർത്തിയായ വേളയിൽ പനമറ്റം ദേശീയ വായനശാലയുടെ വാർഷികത്തിൽ ജീന ബസ് ജീവനക്കാരെ ആദരിച്ചിരുന്നു.
കഴിഞ്ഞ പ്രളയത്തിൽ ജീന ബസിലെ ഡ്രൈവർ ജെബിയുടെ മുണ്ടക്കയത്തെ വീട് ഒലിച്ചു പോയിരുന്നു. ജെബിക്കും കുടുംബത്തിനും വായനശാലയുടെ നേതൃത്വത്തിൽ 1,30,000 രൂപ സമാഹരിച്ച് നൽകിയിരുന്നു. പാമ്പാടി, കോത്തല നിവാസികളും ജെബിക്ക് സഹായം നൽകിയിരുന്നു.
കാരണമില്ലാതെ ട്രിപ്പ് മുടക്കാൻ പാടില്ല
സ്വകാര്യ ബസുകൾക്ക് പെർമിറ്റ് കൊടുക്കുന്ന സമയത്ത് ഹിയറിങ് നടത്തി ടൈം ഷെഡ്യൂൾകൂടി നൽകുന്നുണ്ട്. വ്യക്തമായ കാരണമില്ലാതെ ട്രിപ്പും സർവീസും മുടക്കുന്നത് ശിക്ഷാർഹമാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു.