റബർ വിലയിൽ കുതിപ്പ്; 191 രൂപ, 2013നു ശേഷമുള്ള ഏറ്റവും ഉയർന്ന വില
റെക്കോർഡ് ഭേദിച്ച് റബർ വില മുന്നോട്ട്. ഇന്നലെ കിലോയ്ക്ക് 191 രൂപയെത്തി. 2013നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. വലിയ കമ്പനികൾ വ്യാപകമായി റബർ വാങ്ങിത്തുടങ്ങിയതോടെ റബർ വിപണിയിൽ കുതിപ്പു തുടരുന്നു. ഇതിനൊപ്പം റബർ പാൽ വിലയും ഉയർന്നു. ഇന്നലെ റബർ പാൽ വില കിലോയ്ക്ക് 138 രൂപയെത്തി. മഴ മൂലം ഉൽപാദനത്തിലെ ഇടിവ്, കണ്ടെയ്നർ ക്ഷാമത്തെത്തുടർന്ന് ഇറക്കുമതിയിലെ ഇടിവ് എന്നിവ മൂലമാണ് റബർ വില ആദ്യം ഉയർന്നു തുടങ്ങിയത്. കമ്പനികൾ വിപണിയിൽ സജീവമായതോടെ വില വീണ്ടും ഉയർന്നു.
ഇന്നലെ കൊച്ചി, കോട്ടയം റബർ മാർക്കറ്റുകളിൽ റബർ വ്യാപാരം നാലിരട്ടിയായി. രണ്ടു മാർക്കറ്റുകളിലുമായി ഇന്നലെ 2,000 ടണ്ണിൽ ഏറെ റബർ വ്യാപാരം നടന്നു. കഴിഞ്ഞയാഴ്ച പ്രതിദിനം 500 ടണ്ണിൽ താഴെയായിരുന്നു വ്യാപാരം. അതേസമയം, മുൻവർഷങ്ങളിൽ നവംബർ മാസങ്ങളിൽ പ്രതിദിനം 3,000 ടൺ വ്യാപാരം നടന്നിരുന്നു.റബർ വരവ് കൂടിയതായി ഇന്ത്യൻ റബർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് വാലി പറഞ്ഞു. ‘ഷീറ്റ് റബർ പ്രോത്സാഹന സഹായം’ റബർ വ്യാപാരികൾക്ക് റബർ ഷീറ്റ് കൊടുക്കുന്ന കർഷകർക്കു കൂടി നൽകണമെന്നാവശ്യപ്പെട്ട് റബർ ഡീലേഴ്സ് അസോസിയേഷൻ റബർ ബോർഡിനു നിവേദനം നൽകി.
റബർ പാലിനു പകരം റബർ ഷീറ്റ് ഉൽപാദിപ്പിച്ചാൽ ഓരോ കിലോയ്ക്കും രണ്ടു രൂപ വരെയാണ് റബർ ബോർഡ് അധികത്തുക നൽകുന്നത്. നിലവിൽ റബർ ഉൽപാദക സംഘങ്ങൾ, റബർ ബോർഡ് കമ്പനികൾ എന്നിവിടങ്ങളിൽ റബർ ഷീറ്റ് നൽകിയാൽ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. എന്നാൽ കൂടുതൽ കർഷകരും റബർ വ്യാപാരികൾക്കാണു റബർ ഷീറ്റ് വിൽക്കുന്നത്.