ആചാരം പാലിച്ച് തീർഥാടനം നടത്താൻ ഭക്തരെ അനുവദിക്കണം-ഹിന്ദു ഐക്യവേദി
എരുമേലി ധർമശാസ്താ ക്ഷേത്രഗോപുരകവാടത്തിൽ ഹിന്ദു ഐക്യവേദി നടത്തിയ ധർണയും നാമജപവും സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യുന്നു
എരുമേലി: ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് ശബരിമല തീർഥാടനം നടത്താൻ ഭക്തർക്ക് സർക്കാർ അനുമതി നൽകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ഭക്തരെ അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി എരുമേലിയിൽ നടത്തിയ ധർണയും നാമജപയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.എസ്.ബിജു. തീർഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുക, പരമ്പരാഗത കാനനപാത തുറന്നുകൊടുക്കുക, ഹലാൽ ശർക്കര ഉപയോഗിച്ച് തയ്യാറാക്കിയ അരവണ വിൽപ്പന നിർത്തുക, ഹലാൽ ശർക്കര കമ്പനിയെ കരിമ്പട്ടികയിൽ ഉൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ഭക്തർക്ക് ആചാരം പാലിച്ച് കാനനപാതവഴി യാത്രചെയ്യാൻ അനുവദിക്കാത്തപക്ഷം ഡിസംബർ 16-ന് യാത്രാ വിലക്ക് ലംഘിച്ച് അയ്യപ്പഭക്തർ ശബരിമല ദർശനം നടത്തുമെന്ന് ഇ.എസ്.ബിജു പ്രഖ്യാപിച്ചു. ധർണയിൽ താലൂക്ക് പ്രസിഡന്റ് പി.എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെ.യു.ശാന്തകുമാർ, എ.വി. സുനീഷ്, എസ്.മനോജ്, പ്രൊഫസർ ടി.ഹരിലാൽ, ബിന്ദു മോഹൻ, അനിതാ ജനാർദനൻ, സി.എസ്.നാരായണൻകുട്ടി, പി.എൻ.വിക്രമൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.