ജീവനക്കാരില്ല; തമ്പലക്കാട് കുടുംബക്ഷേമ കേന്ദ്രം നോക്കുകുത്തി
കാഞ്ഞിരപ്പള്ളി∙ ജീവനക്കാരില്ലാത്തതിനാൽ തമ്പലക്കാട് കുടുംബക്ഷേമ കേന്ദ്രം പ്രവർത്തനരഹിതമായി. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഇവിടെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ തസ്തികയിൽ ആളില്ലാത്തതാണു കാരണം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ സേവനവും ലഭിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. ഇപ്പോൾ മാസത്തിൽ ഒരു ദിവസം കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പിനു വേണ്ടി മാത്രമാണു തുറക്കുന്നത്.
കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവിൽ 2 ജൂനിയർ നഴ്സുമാരാണുള്ളത്. ഇതിൽ ഒരാൾ കാളകെട്ടിയിലും മറ്റൊരാൾ കാഞ്ഞിരപ്പള്ളി ടൗണിലെ കുടുംബക്ഷേമ കേന്ദ്രത്തിലുമാണു ജോലി ചെയ്യുന്നത്.1971ൽ നിർമിച്ച തമ്പലക്കാട് കുടുംബക്ഷേമ കേന്ദ്രത്തിൽ ജീവനക്കാർക്കു താമസിച്ചു ജോലി ചെയ്യാനുള്ള സൗകര്യവുമുണ്ട്. വർഷങ്ങൾക്കു മുൻപു വരെ എല്ലാ ദിവസവും പ്രവർത്തിച്ചിരുന്നു.