കൈകാലുകളിൽ പൂർണ ആരോഗ്യമുള്ള 24 വിരലുകൾ; വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിന്റെ അംഗീകാരം..
മുക്കൂട്ടുതറ∙ കൈകാലുകളിൽ 24 വിരലുകളുള്ള വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിന്റെ അംഗീകാരം. മുട്ടപ്പള്ളി പാറക്കുഴിയിൽ വിജയൻ–രത്നമ്മ ദമ്പതികളുടെ മകൻ വിനേഷിന് ജന്മനാ ലഭിച്ചതാണ് 12 വീതം കൈകാൽ വിരലുകൾ. സാധാരണ വിരലുകളെക്കാൾ അധികമായി വിരലുകൾ ഉള്ള പലരും ഉണ്ടെങ്കിലും, അധിക വിരലുകളിൽ അസ്ഥികൾ പലർക്കും ഇല്ലാതിരിക്കെ, വിനേഷിനുള്ള എല്ലാ വിരലുകളും പൂർണ ആരോഗ്യമുള്ള വിരലുകൾ തന്നെയെന്നു മെഡിക്കൽ സംഘം സാക്ഷ്യപ്പെടുത്തിയതോടെയാണ് അപൂർവ ബഹുമതി തേടിയെത്തിയത്. ഇന്ത്യയിൽ പൂർണ ആരോഗ്യമുള്ള 24 വിരലുകളുള്ളവർ ജീവിച്ചിരിപ്പുള്ളതായി ഔദ്യോഗിക രേഖകളിൽ ഇല്ലെന്ന് ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ പറയുന്നു.
പൊൻകുന്നത്ത് സ്വന്തമായി വർക്ക്ഷോപ്പ് നടത്തുന്ന വിനീഷിന് അധികമായുള്ള വിരലുകൾ ഒരു തരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ല. മാത്രമല്ല, പലപ്പോഴും ഉപകാരപ്പെടുകയും ചെയ്യുന്നതായി വിനീഷ് പറയുന്നു.
ആരോഗ്യമുള്ള 24 വിരലുകളെക്കുറിച്ച് വിനീഷ് അടുത്തയിടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ അറിയിക്കുകയായിരുന്നു. ഇന്ത്യയിൽ പൂർണ ആരോഗ്യമുള്ള 24 വിരലുകളുള്ളവർ ജീവിച്ചിരിപ്പുള്ളതായി ഔദ്യോഗിക രേഖകളിൽ ഇല്ലെന്ന് ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ പറയുന്നു. വൈദ്യശാസ്ത്ര പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണു ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതി നൽകിയത്. ഞായറാഴ്ച മുക്കൂട്ടുതറയിൽ നടന്ന ചടങ്ങിൽ ഡോ.ഗിന്നസ് മാടസ്വാമി വിനേഷിനു ബഹുമതി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ എസ്എച്ച്ഒ ജെർലിൻ സ്കറിയ സർട്ടിഫിക്കറ്റ് നൽകി.