എരുമേലിയിൽ ശബരിമല തീർത്ഥാടക സംഘത്തിലെ ബാലികയെ അപമാനിച്ചെന്ന് പരാതി : ഹോട്ടൽ തൊഴിലാളി അറസ്റ്റിൽ.

എരുമേലി: ശബരിമല ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിനിടെ എരുമേലിയിൽ ഭക്ഷണം കഴിക്കാൻ ബന്ധുക്കൾക്കൊപ്പം എത്തിയ എട്ട് വയസ്സുള്ള കുട്ടിയെ കൈ കഴുകാൻ സഹായിക്കുന്നതിനിടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഹോട്ടൽ തൊഴിലാളി അറസ്റ്റിൽ. സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഹോട്ടൽ താൽക്കാലികമായി പോലിസ് അടപ്പിച്ചു. തമിഴ്നാട് മധുര രാമനാഥപുരം സ്വദേശി ജയപാലൻ ഷേണയ്യ (31 ) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ പഞ്ചായത്ത്‌ ഓഫിസിന് സമീപം എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ഹോട്ടലിൽ ആണ് സംഭവം. ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്‌തെന്നും തുടർന്ന് കോടതിയിൽ ഹാജരാക്കിയെന്നും 14 ദിവസത്തേക്ക് പ്രതി റിമാൻഡിലായെന്നും പോലിസ് അറിയിച്ചു. മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ മലയാളികളായ പത്ത് അംഗ തീർത്ഥാടക സംഘമാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം
ഉയരമേറിയ ടാപ്പിൽ നിന്നും കൈ കഴുകാൻ കുട്ടികളെ തൊഴിലാളി എടുത്തുയർത്തി.
ഇതിനിടെ മോശമായി പെരുമാറിയെന്ന് ബാലിക ബന്ധുക്കളോടും തുടർന്ന് പോലീസിനോടും പറഞ്ഞു. തൊഴിലാളിയ്ക്ക് നേരെ കയ്യേറ്റമുണ്ടായി സംഘർഷമായി മാറിയതോടെ ഹോട്ടൽ പോലിസ് അടപ്പിക്കുകയായിരുന്നു. എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ എം എസ് അനീഷ്, സി എച്ച് സതീശ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് നടപടികൾ സ്വീകരിച്ചത്.

error: Content is protected !!