കോവിഡ് മരണത്തിൽ കേരളം രാജ്യത്ത് രണ്ടാമത്
കേരളത്തിലെ കോവിഡ് മരണനിരക്ക് (കേസ് ഫേറ്റലിറ്റി റേറ്റ്) 0.81% ആയി ഉയർന്നു. നേരത്തെ ഒഴിവാക്കിയ മരണങ്ങളും ബന്ധുക്കൾ അപ്പീൽ നൽകിയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് മരണനിരക്ക് ഇരട്ടിയോളമായി ഉയർന്നത്. 6 മാസം മുൻപ് സിഎഫ്ആർ 0.42% ആയിരുന്നു. കോവിഡ് ബാധിച്ചവരുടെയും അതിനെത്തുടർന്നു മരിച്ചവരുടെയും അനുപാതമാണിത്. രാജ്യാന്തര നിരക്കിനെക്കാൾ കുറവാണ് കേരളത്തിലേതെന്നായിരുന്നു അവകാശവാദം.
നിലവിൽ 42,579 മരണങ്ങളുമായി ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് കേരളം. 51 ലക്ഷം പേരാണ് കോവിഡ് ബാധിതരായത്. മഹാരാഷ്ട്രയിലാണ് കൂടുതൽ പേർ മരിച്ചത്–1.41 ലക്ഷം പേർ. മരണനിരക്ക് 2.13%. പഞ്ചാബ്, നാഗലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മരണങ്ങളുടെ എണ്ണം കുറവാണെങ്കിലും സിഎഫ്ആർ 2നു മുകളിലാണ്. അതേസമയം, ആന്ധ്ര, തെലങ്കാന, ഒഡിഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സിഎഫ്ആറിൽ കേരളത്തെക്കാൾ പിന്നിലാണ്.
മരണങ്ങൾ ഒളിപ്പിക്കുന്നുവെന്നു വ്യാപകമായ പരാതി ഉയർന്ന ഇടുക്കി, കൊല്ലം ജില്ലകളിലാണ് സിഎഫ്ആർ ഏറ്റവും കൂടിയത്. ഇടുക്കിയിൽ 0.15 ശതമാനത്തിൽ നിന്ന് 0.51% ആയി. കൊല്ലത്ത് 0.32ൽ നിന്ന് 0.99% ആയി. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളുടെ ഏതാണ്ടു 3 ഇരട്ടിയായിരുന്നു യഥാർഥ മരണങ്ങൾ എന്നാണ് ഇതു കാണിക്കുന്നത്.
തുടക്കം മുതൽ മരണങ്ങൾ താരതമ്യേന കൃത്യമായി റിപ്പോർട്ട് ചെയ്ത തിരുവനന്തപുരമാണ് സിഎഫ്ആറിൽ മുന്നിൽ–1.19%. കണ്ണൂരിലും സിഎഫ്ആർ 1നു മുകളിലാണ് (1.06%). വയനാട് ആണ് ഏറ്റവും പിന്നിൽ–0.48% മറ്റു ജില്ലകളിലെ സിഎഫ്ആർ: പത്തനംതിട്ട–0.82%, ആലപ്പുഴ–0.84%, കോട്ടയം–0.62%, എറണാകുളം–0.79%, തൃശൂർ–0.87%, പാലക്കാട്–0.92%, മലപ്പുറം–0.53%, കോഴിക്കോട്–0.75%, കാസർകോട്–0.58%.
സർക്കാരിന്റെ ഔദ്യോഗിക മരണപ്പട്ടികയിൽ ഉൾപ്പെടാതിരുന്ന 12857 മരണങ്ങളാണ് ഇതുവരെ കൂട്ടിച്ചേർത്തത്. ആശുപത്രികളിൽ നിന്ന് ഒഴിവാക്കിയവയും ജില്ലകളിൽ നിന്നു സംസ്ഥാന തലത്തിൽ റിപ്പോർട്ട് ചെയ്തിട്ടും ഒഴിവാക്കിയവയും കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഉൾപ്പെടുത്തിയവയും ഇക്കൂട്ടത്തിലുണ്ട്.
അപ്പീൽ ഒഴികെയുള്ള മരണങ്ങൾ പരിശോധിച്ചാൽ ഭൂരിഭാഗം പേരും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്–22405 പേർ. 41–59 പ്രായപരിധിയിലുള്ളവർ 6125. 18–40 പരിധിയിലുള്ളവർ 1114. 17 വയസ്സിനു താഴെയുള്ളവരാണ് ഏറ്റവും കുറവ്–79.