കടകൾക്ക് ലൈസൻസ് വേണം തൊഴിലാളികൾക്ക് പോലീസ് സർട്ടിഫിക്കറ്റും
എരുമേലി: തീർഥാടകസംഘത്തിലെ ബാലികയോട് ഹോട്ടൽ തൊഴിലാളി മോശമായി പെരുമാറിയ സാഹചര്യത്തിൽ എരുമേലിയിൽ നിരീക്ഷണം ശക്തമാക്കിയതായി എസ്.എച്ച്.ഒ. മനോജ് മാത്യു പറഞ്ഞു. പോലീസിന്റെ അനുമതി സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലിക്ക് നിർത്താൻ അനുവദിക്കില്ല. അനുമതിയില്ലാതെ ജോലിക്ക് നിൽക്കുന്നവർ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ കടയുടമ ഉത്തരവാദിത്വം ഏൽക്കണം. ഇത് സംബന്ധിച്ച് കച്ചവടക്കാർക്ക് അറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം തീർഥാടക സംഘത്തിലെ ബാലികയോട് ഹോട്ടൽ തൊഴിലാളി മോശമായി പെരുമാറിയ സാഹചര്യത്തിലാണ് നടപടി.
പോലീസ് ഇടപെടൽ അനിവാര്യം
ഇതര സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ തേടിയെത്തുന്നവർ അവരുടെ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നുള്ള ക്ളിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് നിയന്ത്രണത്തിൽ ഇളവുകളുണ്ടെങ്കിലും തീർഥാടനകാലത്ത് ജോലി തേടിയും ദോലക് (ചെണ്ട) വിൽപ്പനയ്ക്കുമായി ഇതര സംസ്ഥാനക്കാർ സജീവമാണ് എരുമേലിയിൽ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഇത്തരക്കാരുടെ കടന്നുകയറ്റം. വ്യാപാര സ്ഥാപനങ്ങളിൽ പലയിടങ്ങളിലും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ്, പോലീസിന്റെ അനുമതി സർട്ടിഫിക്കറ്റ് ഇവയൊന്നുമില്ല. കഴിഞ്ഞ ദിവസം ബാലികയോട് മോശമായി പെരുമാറി റിമാൻഡിലായ ഹോട്ടൽ ജീവനക്കാരനും ആരോഗ്യവകുപ്പിന്റെ ഹെൽത്ത് കാർഡോ, പോലീസിന്റെ അനുമതി സർട്ടിഫിക്കറ്റോ ഇല്ലായിരുന്നു. കോവിഡിന്റെ പേരിൽ തീർഥാടനത്തിന്റെ പവിത്രത തകർക്കുകയാണെന്നും, ഭക്തരെ മാനസികമായി തളർത്തുന്ന നടപടിയാണ് സർക്കാർ നടത്തുന്നതെന്നുമാണ് ഹൈന്ദവ സംഘടനകളുടെ ആക്ഷേപം.