മാന്ത്രിക വിരലുകളാൽ നാദവിസ്മയം തീർക്കുന്ന അതുല്യ കലാകാരൻ – ചിറ്റടി വിജയൻ
November 25, 2019
മാന്ത്രിക വിരലുകളാൽ നാദവിസ്മയം തീർക്കുന്ന അതുല്യ കലാകാരൻ – ചിറ്റടി വിജയൻ
കാഞ്ഞിരപ്പള്ളി : ഡ്രമ്മിൽ നാദവിസ്മയം തീർത്ത് ചിറ്റടി വിജയൻ എന്ന അനുഗ്രഹീത കലാകാരൻ ജനഹൃദയങ്ങളെ കീഴടക്കി തന്റെ ജൈത്രയാത്ര തുടരുകയാണ്. കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന ജില്ലാ കേരളോത്സവത്തിന്റെ സമാപന വേദിയിൽ വിജയൻ അവതരിപ്പിച്ച സോളോ പെർഫോമൻസ് കാണികളെ അത്ഭുതപ്പെടുത്തി . വിജയൻ ഒറ്റയ്ക്ക് തൃശൂർ പൂരം വെടിക്കെട്ട് തന്റെ ഡ്രമ്മിലും, റിഥം പാഡിലും അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകർക്ക് നവ്യാനുഭവമായി .
ഫ്ലവർസ് ടിവി, ഏഷ്യാനെറ്റ് മുതലായ ജനപ്രിയ ചാനലുകളിലെ നിറസാന്നിധ്യമായ ചിറ്റടി വിജയൻ, ഇതിനോടകം വിവിധ കമ്പനികളുടെ മുന്നൂറിൽ ഏറെ മ്യൂസിക് ആൽബങ്ങളിൽ തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്., ഒരു തമിഴ് സിനിമയുൾപ്പെടെ വിവിധ സിനിമകളിലും വിജയൻ തെന്റെ പ്രിയപ്പെട്ട ഡ്രമ്മിന്റെ നാദവിസ്മയം പ്രേക്ഷകർക്ക് പകർന്നു നൽകിയിട്ടുണ്ട്. കേരളത്തിനകത്തും, പുറത്തും, വിദേശ രാജ്യങ്ങളിലും തന്റെ സോളോ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിജയൻ, കലാ രംഗത്ത് തന്റേതായ ഒരു വ്യത്യസ്ത ശൈലി തന്നെ രൂപപ്പെടുത്തിയിട്ടുണ്ട് . .
മുണ്ടക്കയം ചിറ്റടി വാന്തിയിൽ വിജയൻ തന്റെ പിതാവിന്റെ കാലടികളെ പിന്തുടർന്നാണ് കലാരംഗത്തേക്കു എത്തിയത്. വിജയൻറെ പിതാവ് പരേതയായ പി പി പാപ്പൻ, ചിറ്റടി എസ്റ്റേറ്റിലെ ജോലിക്കാരനും, ഒരു ബാൻഡ് മാസ്റ്ററും ആയിരുന്നു. പിതാവിന്റെ പക്കൽനിന്നും ഡ്രമ്മിന്റെ ആദ്യപാഠങ്ങൾ പഠിച്ച
വിജയൻ, പിന്നീട ജോബോയ് മാസ്റ്ററുടെ അടുത്തുനിന്നും ഡ്രമ്മിൽ കൂടുതൽ പ്രാവീണ്യം നേടിയതാണ് അദ്ദേഹത്തിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്.
മംഗളം ഓർക്കസ്ട്രയിലൂടെ തന്റെ കലാജീവിതത്തിനു തുടക്കമിട്ട വിജയൻ, നവധാര, അമല തുടങ്ങിയ പ്രശസ്ത ട്രൂപ്പുകളിലൂടെ ജനങൾക്ക് സുപരിചിതായി . കഴിഞ്ഞ 28 വർഷങ്ങൾ ആയി തുടർച്ചയായി ഡ്രമ്മിൽ പരിപാടികൾ അവതരിപ്പിക്കുന്ന വിജയൻ, അൻപതാം വയസ്സിൽ എത്തിയെങ്കിലും, സ്റ്റേജിൽ കയറിയാൽ ഒരു ചെറുപ്പക്കാരന്റെ ആവേശവും ചടുലതയുമാണ് അദ്ദേഹത്തിന് കൈവരുന്നത് . തനിക്കു കിട്ടുന്ന അവസരങ്ങളിൽ തന്റെ സുഹൃത്തുക്കളെയും കൂടി പങ്കെടുപ്പിക്കുവാൻ ശ്രദ്ധിക്കുന്ന വിജയന് നാട്ടിലും വിദേശശത്തുമായി വലിയ ഒരു സുഹൃത്ത് വലയം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും ഒരു മിന്നും താരം തന്നെയാണ് ചിറ്റടി വിജയൻ.
കലയോടുള്ള അർപ്പണബോധവും, പ്രതിബദ്ധതയുമാണ് ചിറ്റടി വിജയന്റെ ഉന്നത വിജയത്തിന്റെ അടിസ്ഥാന കാരണങ്ങൾ. ഡ്രമ്മിൽ നീണ്ട ഇരുപത്തെട്ടു വർഷങ്ങൾ പൂർത്തിയാക്കിയ വിജയൻ, ഇനിയും ഡ്രമ്മിൽ തനിക്കേറെ പഠിക്കുവാനുണ്ട് എന്നാണ് വിശ്വസിക്കുന്നത്. കലാരംഗത്ത് നിരവധി അവാർഡുകൾ നേടിയിട്ടുണ്ടെകിലും, എപ്പോഴും എളിമയുടെ നിറകുടമായ, നാടിന്റെ അഭിമാനമായ ഈ അതുല്യ കലാകാരനെ ജന്മനാടും, ജനപ്രതിനിധികളും പലതവണ ആദരിച്ചിട്ടുണ്ട്.
…