പോസിറ്റീവ് ഹീറോ അവാർഡ് കേരളത്തിന്റെ കണ്ണീർതുള്ളിയായ, എരുമേലിയുടെ പ്രിയപ്പെട്ട ലത്തീഷക്ക്
November 29, 2019
പോസിറ്റീവ് ഹീറോ അവാർഡ് കേരളത്തിന്റെ കണ്ണീർതുള്ളിയായ, എരുമേലിയുടെ പ്രിയപ്പെട്ട ലത്തീഷക്ക്
എരുമേലി : പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് വിജയകരമായ നേട്ടങ്ങൾ കൈവരിച്ചവരെ ദേശീയ തലത്തിൽ തെരഞ്ഞെടുത്ത് കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി, എല്ലാ വർഷവും നൽകി വരുന്ന ഡോ. ബാത്ര പോസിറ്റീവ് ഹീറോ അവാർഡ് ഇത്തവണ ലഭിച്ചത് എരുമേലിയുടെ പ്രിയപെട്ട ലത്തീഷ അൻസാരിക്കാണ്. ഇതാദ്യമായാണ് ഒരു മലയാളിക്ക് ഡോ. ബാത്ര അവാർഡ് ലഭിക്കുന്നത്. എരുമേലി പുത്തൻപീടികയിൽ അൻസാരി, ജമീല ദമ്പതികളുടെ മകളാണ് അസ്ഥികൾ ശോഷിച്ച് ഒടിഞ്ഞുനുറുങ്ങുന്ന അത്യപൂർവ രോഗത്താൽ വലയുന്ന കേരളത്തിന്റെ കണ്ണീർതുള്ളിയായ ലത്തീഷ.
പിറന്ന നാൾ മുതൽ ലത്തീഷ ഇതുവരെ എത്തിയത് ലോകത്തിൽ തന്നെ ഏറ്റവും അത്യപൂർവമായ രോഗവുമായിട്ടാണ്. അസ്ഥികൾ ശോഷിച്ച് ഒടിഞ്ഞുനുറുങ്ങുന്ന വേദനയേറിയ ആ രോഗത്തിലും അവൾ ഇപ്പോൾ കേരളത്തിലെ സിവിൽ സർവീസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഈ അവാർഡ് എത്തിയത്. ഇനിയുള്ള ജീവിതയാത്രയിലും വിടാതെ കൂടെയുള്ള ആ അപൂർവ രോഗം അവൾക്ക് ഇനിയും ഒരു തടസ്സമേയല്ല. കുറവുകളെ സ്നേഹം കൊണ്ട് പ്രതിരോധിക്കാൻ അച്ഛൻ പഠിപ്പിച്ച സഹനവും ക്ഷമയുമാണ് രാജ്യത്തെ ഏറ്റവും വലിയ പോസിറ്റീവ് ഹീറോ ആയി അവളെ തെരഞ്ഞെടുക്കാൻ നിമിത്തമായത്.
ഭിന്നശേഷിയെന്ന് മുദ്രകുത്തി ഒറ്റപ്പെടലിൽ ജീവിതം തളച്ചിട്ടവർക്കുള്ള പ്രചോദനമാണ് ലത്തീഷയുടെ ജീവിതം. 26 വയസായ ലത്തീഷയെ കണ്ടാൽ ഒരു കൊച്ചുകുട്ടിയാണെന്നേ പറയൂ. പക്ഷെ, പഠനത്തിലും കീബോർഡ് സംഗീതത്തിലും ചിത്രരചനയിലും ലത്തീഷ തന്റെ പ്രതിഭാ പാടവം തെളിയിച്ചത് രോഗവേദനയെ സഹിച്ചുകൊണ്ടാണ്. മകൾ ജനനം മുതൽ അത്യപൂർവ രോഗത്തിലാണ് ജീവിതം മുഴുവനും കഴിയേണ്ടിവരികയെന്ന് അറിഞ്ഞത് മുതൽ ഇച്ഛാശക്തിയോടെ കൂടെ നിന്ന് പൊരുതിയ മാതാപിതാക്കളാണ് തന്റെ ഏറ്റവും വലിയ ഹീറോ എന്ന് മുംബൈയിലെ അവാർഡ് വേദിയിൽ ലത്തീഷ പറഞ്ഞു. വേദിയിൽ എല്ലാവർക്കുമൊപ്പം നിറഞ്ഞ കണ്ണുകളുമായി പിതാവ് അൻസാരി ആ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു.
ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് ലത്തീഷയെ തേടിയെത്തിയത് . ശ്വസന ഉപകരണത്തിന്റെ സഹായത്തോടെയാണ് വിമാനമാർഗം മുംബൈയിലെത്തി ലത്തീഷ അവാർഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞയിടെ സിവിൽ സർവീസ് പരീക്ഷ എഴുതാൻ പരീക്ഷ ഹാളിൽ ശ്വസന ഉപകരണം ഉപയോഗിക്കുന്നതിന് ലത്തീഷക്ക് സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.