തോട്ടം പുരയിടം പ്രശ്നം ; ഇടിത്തീ പോലെയായി സർക്കാരിന്റെ പുതിയ തീരുമാനം ; ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാഞ്ഞിരപ്പള്ളി, പാലാ മേഖലയെ

October 23, 2019

തോട്ടം പുരയിടം പ്രശ്നം ; ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി; ഇളവ് ലഭിച്ച ഭൂമി തരംമാറ്റി ഉപയോഗിക്കുന്നത്‌ തടയാൻ പുതിയ വകുപ്പ് .ഇളവ് ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് കൊണ്ടുവരും, ഇടിത്തീ പോലെയായി സർക്കാരിന്റെ പുതിയ തീരുമാനം ; ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാഞ്ഞിരപ്പള്ളി പാലാ മേഖലയെ ..

കാഞ്ഞിരപ്പള്ളി : ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുവാൻ സർക്കാർ തീരുമാനിച്ചു ; ഇളവ് ലഭിച്ച ഭൂമി തരംമാറ്റി ഉപയോഗിക്കുന്നത്‌ തടയാൻ പുതിയ വകുപ്പ് കൊണ്ടുവരുവാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നതു കാഞ്ഞിരപ്പള്ളി പാലാ പ്രദേശങ്ങളെയാണ് . 

കേരള ഭൂപരിഷ്കരണ നിയമത്തിലെ 81(1) E വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താന്‍ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്.

കാഞ്ഞിരപ്പള്ളി പാലാ പ്രദേശങ്ങളിലെ ഇളവ് ലഭിച്ച പല തോട്ടങ്ങളും, തുണ്ടുകളാക്കി വില്പന നടത്തുകയും, അത് തോട്ടഭൂമിയാണെന്ന് അറിയാതെ വാങ്ങിയത് മൂലം ദുരിതത്തിലായവർ നിരവധിയാണ്. റവന്യു രേഖകളിൽ കൃത്രിമം കാണിച്ചാണ് പല വില്പനകളും നടത്തിയിട്ടുള്ളത്. അത്തരം ഭൂമികളിൽ നിന്നും സർക്കാർ കരം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2016 -ൽ സർക്കാർ റവന്യു ഡിപ്പാർട്ട്മെന്റിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണം നടത്തിയ ശേഷം, കരം അടക്കുവാൻ ചെന്നപ്പോഴാണ് പലർക്കും തങ്ങൾ പുരയിടം ആണെന്ന് കരുതി വാങ്ങിയ ഭൂമി, തോട്ടഭൂമിയാണെന്നു മനസ്സിലായത്. തോട്ടഭൂമിയിൽ വീട് നിര്‍മ്മിക്കുവാനോ, പുതുക്കിപണിയുവാനോ പഞ്ചായത്തുകള്‍ അനുമതി നൽകുകയില്ല . അതിനാൽ തന്നെ മക്കള്‍ക്ക് വസ്തുക്കള്‍ ഭാഗഉടമ്പടി നടത്തുവാനോ, സാധിക്കാതെ വരുന്നു. ബാങ്കുകള്‍ വായ്പകള്‍ നിഷേധിക്കുന്നു. വായ്പ പുതുക്കി നല്‍കുന്നില്ല. പുതിയ വായ്പകള്‍ നല്‍കുന്നില്ല എന്നിങ്ങനെ വിവിധ പ്രശ്നങ്ങളാണ് അത്തരം ഭൂമി വാങ്ങിയവർ നിലവിൽ അഭിമുഖീകരിക്കുന്നത്. 

അത്തരം ഭൂമി വില്പനകൾ അസാധുവാക്കുവാനും, വിവാദ ഭൂമികൾ തിരികെ സർക്കാർ ഏറ്റെടുക്കുവാനും പുതിയ നിയമത്തിൽ അനുശ്വസിക്കുന്നു എന്നതിനാൽ തന്നെ അത്തരം ഭൂമി വാങ്ങിയവർ പരിഭ്രാന്തിയിലാണ് . 

ഇളവ് ലഭിച്ച തോട്ടഭൂമി തുണ്ടുകളായി മുറിച്ചു ഇഷ്ടദാനം നടത്തുവാൻ അനുവാദം ഉണ്ടെങ്കിലും, വാങ്ങുന്നയാൾ ആ സ്ഥലം തോട്ടഭൂമിയയായി തന്നെ സംരക്ഷിക്കണം എന്നാണ് നിയമം. അവിടെ സർക്കാർ അനുവദിച്ച കൃഷികൾ മാത്രം ചെയ്യുവാനാണ് അനുവാദം. അത്തരം ഭൂമികളിൽ പ്രതേക അനുമതി ലഭിക്കാതെ നിർമാണ പ്രവർത്തനം നടത്തുവാനോ, മറ്റു കൃഷികൾ നടത്തുവാനോ കേരള ഭൂപരിഷ്കരണ നിയമം അനുവദിക്കുന്നില്ല. 

എന്നാൽ 1980 – ൽ നടന്ന റീസര്‍വ്വേയിലെ അപാകതമൂലം പുരയിടങ്ങള്‍ തോട്ടമായി മാറിയ സാഹചര്യവും നിലവിലുണ്ട്. അത്തരം പ്രശ്നങ്ങളിൽ പെട്ടവരിൽ മതിയായ രേഖകൾ സമർപ്പിച്ചവർക്ക് സർക്കാർ വസ്തു രേഖകൾ തിരുത്തിക്കൊടുക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. റീസര്‍വ്വേയിൽ പുരയിടഭൂമി തോട്ടങ്ങളായി മാറ്റിയെന്ന ആരോപണം നിലനിൽക്കെത്തന്നെ, റീസര്‍വ്വേ നടത്തുവാൻ എത്തിയ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും, സ്വാധീനിച്ചും, പല തോട്ടഭൂമികളും പുരയിടമാക്കി മാറ്റിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട് . കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചില തോട്ടങ്ങളുടെ അകത്തു സ്ഥിതിചെയുന്ന പാറമടകൾ, റീസർവേ രേഖകൾ അനുസരിച്ചു പുരയിടഭൂമിയിൽ ആണ് സ്ഥിതിചെയുന്നതെന്ന വിരോധാഭാസവും കാണുവാൻ സാധിക്കും.. 

error: Content is protected !!