കമ്പ്യൂട്ടറിനെ വെല്ലുന്ന കൃത്യതയുണ്ടായിരുന്ന കുഞ്ഞപ്പൻ ചേട്ടന്റെ കണക്കുപുസ്തകം ഓർമ്മയായി…
October 3, 2019
കമ്പ്യൂട്ടറിനെ വെല്ലുന്ന കൃത്യതയുണ്ടായിരുന്ന കുഞ്ഞപ്പൻ ചേട്ടന്റെ കണക്കുപുസ്തകം ഓർമ്മയായി ..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പുൽപ്പേൽ ടെക്സ്റ്റൈൽസിൽ കണക്കെഴുത്തുകാരനായി എഴുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ ആനക്കല്ല് താഴത്തുതകിടിയിൽ ടി.ജെ. ജോസഫ് (99) എന്ന ” പുൽപ്പേൽ കട കുഞ്ഞപ്പൻ ചേട്ടന് ” ആദ്യകാലത്ത് കണക്ക് എന്ന വിഷയം ഒരു പേടിസ്വപ്നം ആയിരുന്നു. അതിനാൽ തന്നെ പഴയ കാലത്തെ ഇംഗ്ലിഷ് മീഡിയം സിക്സ്ത് പാസായ കുഞ്ഞപ്പൻ, കണക്ക് പഠിപ്പിക്കാനുള്ള ഭയം മൂലം അന്ന് ലഭിച്ച അധ്യാപക ജോലി ഉപേക്ഷിച്ചിരുന്നു . എന്നാൽ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, പിന്നീട് ജീവിതകാലമത്രയും കണക്കിന്റെ ലോകത്തു കഴിയുവാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. കമ്പ്യൂട്ടറിനെ വെല്ലുന്ന കൃത്യതയോടെ അദ്ദേഹം 75 വർഷത്തോളം ആ രംഗത്ത് പ്രശോഭിച്ചു .. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തോളം ജോലിയിൽ നിന്നും വിട്ടുനിന്നിരുന്ന അദ്ദേഹം 99-ാം വയസിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ, കാഞ്ഞിരപ്പള്ളിയിലെ ഒരു ചരിത്ര പുരുഷനാണ് വിടവാങ്ങിയത് .
തുടങ്ങിയ കാലം മുതൽ കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും വിശ്വസ്ത സ്ഥാപനമായി ഉയർന്നു പരിലസിക്കുന്ന പുൽപ്പൽ ടെക്സ്റ്റയിൽസിന്റെ ഈ മഹത്തായ വിജയത്തിന്റെ പിന്നിൽ വിശ്വസ്തരും അർപണ മനോഭാവം ഉള്ളവരുമായ ജോലിക്കാരാണ് . അവരിൽ ഏറ്റവും പ്രമുഖനായിരുന്നു കഴിഞ്ഞ ദിവസം ഓർമ്മയായ ആനക്കല്ല് താഴത്തുതകിടിയില്‍ കുഞ്ഞപ്പൻ ചേട്ടൻ എന്ന് വിളിക്കുന്ന ടി.ജെ. ജോസഫ് . 75 വർഷങ്ങൾ കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിൽ അക്കൗണ്ടന്‍റായി ജോലി ചെയ്തിട്ടുണ്ട് ഈ 99 കാരൻ. അദ്ദേഹത്തിന്റെ മകനും, കൊച്ചുമകനും ഉൾപ്പെടെ മൂന്നു തലമുറയാണ് പുൽപ്പേൽ ടെക്സ്റ്റൈൽസിൽ ഒരേ കാലത്ത് ജോലി ചെയ്തിരുന്നത്
ജോലി ചെയ്ത കാലമത്രയും, ഇരുനൂറോളം ജീവനക്കാരുള്ള, ലക്ഷക്കണക്കിന്ന് രൂപയുടെ ബിസിനസ് നടക്കുന്ന പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിൽ വരുന്നതും പോകുന്നതുമായ ഓരോ രൂപയുടെയും കണക്കു കുഞ്ഞപ്പൻ ചേട്ടന്റെ തടിയൻ കണക്കു പുസ്തകത്തിൽ വളരെ കൃത്യമായി എഴിതിയിട്ടുണ്ട് . അധികാരികൾക്കും കണ്ണുമടച്ചു പരിശോധിക്കുവാൻ തക്കവണ്ണം ആണ് കുഞ്ഞപ്പൻ ചേട്ടന്റെ കണക്കുകൾ .. അതിനു കംപ്യൂട്ടറിന്റെ യാതൊരു ആവശ്യവും അദ്ദേഹത്തിന് ഇല്ലായിരുന്നു. .
പുൽപ്പേലിന്റെ കവാടത്തിൽ നിറപുഞ്ചിരിതൂകിയായിരുന്നു കണക്കെഴുത്ത്. മനോഹരമായ കയ്‌യക്ഷരത്തില്‍ കുറിച്ചിരിക്കുന്ന കണക്കുകളില്‍ തെറ്റുകളും തിരുത്തലുകളും ലേശമില്ല. കാൽക്കുലേറ്ററും കംപ്യൂട്ടറും വരുന്നതിന് മുന്‍പ് നല്ല വടിവൊത്ത അക്ഷരത്തില്‍ യാതൊരു വെട്ടിത്തിരുത്തലുകളുമില്ലാതെ ഇംഗ്ലീഷില്‍ കണക്കുകള്‍ എഴുതുന്നത് അദ്ദേഹത്തിന്റെ കഴിവായിരുന്നു.
സ്ഥാപന ഉടമകള്‍ക്ക്, ആദ്യകാലത്തുണ്ടായിരുന്ന ചിട്ടിയുടെ കണക്ക് എഴുതാനാണ് ഇദ്ദേഹത്തെ വിളിച്ചത്, എന്നാല്‍ കണക്കെഴുത്തായതുകൊണ്ട് ജോലി വേണ്ടെന്ന് പറയാനാണ് കടയിലെത്തിയത്. പക്ഷേ ഉടമയുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. അങ്ങനെ 1941 മുതല്‍ കുഞ്ഞപ്പന്‍ ജോലി ആരംഭിച്ചു.പിന്നീട് വസ്ത്രവ്യാപാര രംഗത്ത് വന്‍നേട്ടങ്ങളിലൂടെ ഉയരുന്പോഴെല്ലാം സ്ഥാപനത്തിന്‍റെ മേല്‍നോട്ടം ഉള്‍പ്പെടെ ജീവനാഡിയായി പ്രവര്‍ത്തിച്ചു. 2005 മുതല്‍ അക്കൗണ്ടിങ്ങിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
അദ്ദേഹത്തെ ഒരു തൊഴിലാളിയായി ജോലിക്കു കയറിയ അന്നുമുതൽ പിരിയുന്നതുവരെ ആരും കണക്കാക്കിയിട്ടില്ല. എപ്പോഴും ഇദ്ദേഹത്തിന്റെ അഭിപ്രായമാരാഞ്ഞതിനുശേഷമേ സ്ഥാപനയുടമപോലും തീരുമാനങ്ങളെടുക്കാറുള്ളു.കുഞ്ഞപ്പൻ ചേട്ടന് ഇഷ്ടമുള്ളത്രയും ശമ്പളം എഴുതി എടുക്കുവാൻ അനുവാദം ഉണ്ടെങ്കിലും, മാസത്തിൽ ലക്ഷങ്ങൾ കൈകാര്യം ചെയ്യുന്ന കുഞ്ഞപ്പൻ ചേട്ടൻ തന്റെ ശമ്പളം ആയി എടുക്കുന്നത് വളരെ തുശ്ചമായ സംഖ്യ മാത്രമായിരുന്നു.
കഴിഞ്ഞവർഷം കാലുവഴുതി ഒന്ന് വീണതോടെ അദേഹത്തിന് കുറച്ച് ശാരീരിക അസ്വസ്ഥതയുണ്ടായി. കടയിലൊന്നും പെട്ടെന്ന് എത്താന്‍ പറ്റാതായി. വീട്ടിലാണെങ്കിലും കടയിലെ വിശേഷങ്ങളാണ് അദേഹത്തിന് ആദ്യം അറിയേണ്ടിയിരുന്നത് . . ചെവിക്ക് ലേശം കേഴവിക്കുറവുണ്ടെന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. കാഴ്ചയ്ക്കും ഓര്‍മ്മയ്ക്കും കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാൽ അവസാനകാലത്ത് അദ്ദേഹം പതിയെപ്പതിയെ മറവിയുടെ ലോകത്തേക്ക് കടന്നിരുന്നു.
ഭാര്യ ഏലിക്കുട്ടി ആറു വർഷങ്ങൾ ക്കു മുൻപ് മരിച്ചു. . കുഞ്ഞപ്പന്‍ ചേട്ടന്‍റെ മൂന്നു മക്കളില്‍ രണ്ടു പേരും, അതിലൊരാളുടെ മകനും ഇദ്ദേഹത്തോടൊപ്പം ഇതേ കടയില്‍ തന്നെ ജോലി ചെയ്‌യുന്നു. മക്കളായ ടി.ജെ. ആന്‍റണി , ടി.ജെ. ജോര്‍ജ് , ജോര്‍ജിന്‍റെ മകന്‍ ജോസ് ജോര്‍ജും ഉള്‍പ്പെടെ മൂന്നു തലമുറയാണ് ഒരേ സ്ഥാപനത്തില്‍ ഒരേ കാലത്ത് ജോലി ചെയ്തിരുന്നത് .