പമ്പുകളിൽനിന്ന് പെട്രോളും ഡീസലും കുപ്പികളിൽ നൽകുന്നത് വീണ്ടും വിലക്കി
: പെട്രോൾ പമ്പുകളിൽനിന്ന് ഇനി പ്ലാസ്റ്റിക് കുപ്പികളിലോ മറ്റു കണ്ടെയ്‌നറുകളിലോ പെട്രോളോ ഡീസലോ വിതരണംചെയ്യാൻ പാടില്ലെന്ന് വീണ്ടും കർശന നിർദേശം. കേന്ദ്രസർക്കാരിന്റെ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ കീഴിലുള്ള എറണാകുളം ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവിന്റേതാണ് നടപടി. ഐ.ഒ.സി., ബി.പി.സി.എൽ., എച്ച്.പി.എൽ. തുടങ്ങി അഞ്ച് പ്രധാന കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്. മറ്റെല്ലാവർക്കും ഇത് ബാധകവുമാണ്. ഓരോ കമ്പനിയുടെയും കീഴിലുള്ള ഡീലർമാർ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് അടുത്തകാലത്തായി പെട്രോൾ ഒഴിച്ച് പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യുന്നതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പമ്പുകളിൽനിന്ന് കുപ്പികളിലും മറ്റും വാങ്ങുന്ന പെട്രോളാണ് ഇതിനായി ഉപയോഗിച്ചത്. അക്രമങ്ങൾ നടത്താനും പെട്രോൾ ബോംബുപോലുള്ള സ്ഫോടകവസ്തുക്കൾ ഉണ്ടാക്കാനും ഇങ്ങനെ വാങ്ങുന്ന പെട്രോൾ ദുരുപയോഗം ചെയ്യുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു.
കോട്ടയം കിടങ്ങിയിൽ ഹെൽന വില്ലയിൽ കെ.ജെ.ജോസ് പ്രകാശിന്റെ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. കുപ്പികളിലെ പെട്രോൾവില്പന പെട്രോളിയം വിതരണനിയമത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് നിയമം കർശനമാക്കിയത്. ഈ നിയമം ലംഘിച്ചാണ് നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിൽപ്പന നടക്കുന്നത്. ഒരുപമ്പിൽനിന്നും ദിവസേന ശരാശരി 10-15 പേരെങ്കിലും കുപ്പികളിൽ പെട്രോൾ വാങ്ങി പോകുന്നുണ്ടെന്ന്് പമ്പുടമകൾ പറയുന്നു. പലപ്പോഴും വഴിയിൽ എണ്ണതീർന്ന്് ട്രിപ്പ് മുടങ്ങുന്ന ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷക്കാരുമൊക്കെയാണ് ഇങ്ങനെ വാങ്ങിക്കൊണ്ടുപോകുന്നത്. ഇവർ ഇനി പ്രയാസത്തിലാകും. കുപ്പിയിലും മറ്റും പെട്രോൾ വിതരണം ചെയ്യുമ്പോഴുള്ള അപകടത്തിന് ഇൻഷുറൻസ് പോലും ലഭിക്കില്ല.നാഗ്‌പുരിലെ ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവ് വിഭാഗം അംഗീകരിച്ച് അനുവദിച്ച പ്രത്യേക കണ്ടെയ്‌നറിൽ പെട്രോളും ഡീസലും വിതരണം ചെയ്യാൻ അനുവാദമുണ്ട്്്. എന്നാൽ ഇതിന് വലിയ വിലയാണ്. അഞ്ചുലിറ്റർ പെട്രോൾ കൊള്ളുന്ന കാനിന് 2000 രൂപയോളം നൽകണം. ഇത് കിട്ടാനും ബുദ്ധിമുട്ടാണ്. ഇത്തരം കണ്ടെയ്നറുകൾ പമ്പുകളിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് വാടക ഈടാക്കി ഇന്ധനം നൽകുന്നതിനുള്ള സംവിധാനം കൊണ്ടുവരണമെന്നാണ് പെട്രോൾ പമ്പുടമകൾ പറയുന്നത്.