പരമ്പരാഗത കാനനപാത വീണ്ടും തുറന്നു
എരുമേലി: ശബരിമല തീർഥാടനത്തിന് പരമ്പരാഗത കാനനപാത വീണ്ടും തുറന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി യാത്ര നിലച്ചിരുന്ന കരിമലപാത വെള്ളിയാഴ്ച പുലർച്ചെ 5.30-നാണ് തുറന്നത്. വനപാതയിലെ കോയിക്കക്കാവ് ചെക്‌പോസ്റ്റിൽനിന്ന് വനപാലകരുടെ അകമ്പടിയിലാണ് ആദ്യസംഘം യാത്ര തുടങ്ങിയത്. ഭക്തരുടെ തിരക്കനുസരിച്ച് പാതയിലൂടെ യാത്രചെയ്യുന്നതിനുള്ള സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് ശബരിമല എ.ഡി.എം. അർജുൻ പാണ്ഡ്യൻ പറഞ്ഞു.
പരമ്പരാഗതപാതയിലൂടെയുള്ള ഭക്തരുടെ യാത്ര തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ഉദ്ഘാടനംചെയ്തു.
ക്ഷേത്രത്തിൽനിന്ന് പാതയിലേക്കുള്ള പ്രവേശഭാഗത്ത് നിലവിളക്ക് തെളിച്ച് നാളികേരമുടച്ചാണ് ഉദ്ഘാടനം ചെയ്തത്.
ദേവസ്വം അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, ചീഫ് എൻജിനീയർ ആർ.അജിത്കുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.ബൈജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി.ബി.സതീഷ്‌കുമാർ, എക്സിക്യുട്ടീവ് എൻജിനീയർ ജി.എസ്.ബൈജു, അസി. എൻജിനീയർ വിജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
സമയക്രമം…
• കോയിക്കക്കാവ് ചെക്‌പോസ്റ്റിൽനിന്ന് പുലർച്ചെ 5.30 മുതൽ 10.30 വരെ ഭക്തരെ കടത്തിവിടും.
• അഴുതക്കടവ്, മുക്കുഴി ഇടത്താവളങ്ങളിൽനിന്ന് രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഭക്തരെ കയറ്റിവിടുന്നത്.