ഇളങ്ങുളം ശാസ്താക്ഷേത്രത്തിൽ ആലങ്ങാട്ടുയോഗം പാനകപൂജ നടത്തി
ഇളങ്ങുളം: ശബരിമലയിൽ അയ്യപ്പസ്വാമിക്ക് ചാർത്തുന്ന ഗോളകയും വഹിച്ചുകൊണ്ടുള്ള പേട്ടപുറപ്പാട് രഥഘോഷയാത്ര നടത്തുന്ന ആലങ്ങാട്ടുയോഗം ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിൽ പാനകപൂജ നടത്തി. പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാർ, യോഗപ്രതിനിധികളായ എം.എൻ.രാജപ്പൻ നായർ, പുറയാറ്റുകളരി രാജേഷ് കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി ഡി.കെ.സുനിൽ കുമാർ എന്നിവരും ഭക്തരും ചേർന്ന് വരവേറ്റു.
തുടർന്ന് പന്തലിൽ ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ എന്നീ മൂർത്തികൾക്ക് പീഠമൊരുക്കി പാനകപൂജ നടത്തി. ഗണപതിക്ക് അവൽ, മലർ, ശർക്കര എന്നിവ നേദിച്ചു. തുടർന്നു പാനക നിവേദ്യം അയ്യപ്പനും പഞ്ചാമൃത നിവേദ്യം സുബ്രഹ്മണ്യനും അർപ്പിച്ചു.
രഥഘോഷയാത്രയ്ക്ക് ഞായറാഴ്ച രാവിലെ പനമറ്റം ഭഗവതി ക്ഷേത്രത്തിലാണ് ആദ്യ സ്വീകരണം. തുടർന്ന് ഇളങ്ങുളം മുത്താരമ്മൻകോവിൽ, പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണക്ഷേത്രം, ചേനപ്പാടി മഹാലക്ഷ്മി കാണിക്കമണ്ഡപം, ചേനപ്പാടി ശാസ്താക്ഷേത്രം, പരുന്തൻമല ശ്രീദേവി വിലാസം കാണിക്കമണ്ഡപം, പരുന്തൻമല അയ്യപ്പസേവാസമാജം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് എരുമേലി പേട്ട അമ്പലത്തിൽ എത്തും.