ഗ്രാമീണറോഡുകൾ ആധുനിക നിലവാരത്തിലെത്തിക്കും : ഡോ. എൻ. ജയരാജ് എം.എൽ.എ.

കാഞ്ഞിരപ്പള്ളി : ഗ്രാമീണമേഖലകളുടെ വികസനം പൂർത്തീകരിച്ചാൽ മാത്രമേ യഥാർത്ഥത്തിൽ വികസനം ജനങ്ങളിൽ എത്തുകയുള്ളുവെന്നും ഗ്രാമീണ റോഡുകൾ ആധുനിക നിലവാരത്തിലെത്തിക്കുവാൻ ശ്രമിക്കുമെന്നും ഗവ. ചീഫ് വിപ്പുകൂടിയായ ഡോ.എൻ.ജയരാജ് എം.എൽ.എ. അഭിപ്രായപ്പെട്ടു. തമ്പലക്കാട് – വണ്ടനാമല കോളനിറോഡ് ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 16.80 ലക്ഷം രൂപ വകയിരുത്തി ഏതാണ്ട് 600 മീറ്റർ റോഡിന്റെ പണികൾ പൂർത്തീകരിച്ചതോടെ വണ്ടനാമല നിവാസികളുടെ ഏകസഞ്ചാര മാർഗ്ഗമായ ടി റോഡ് സഞ്ചാരയോഗ്യമായതിന്റെ സന്തോഷത്തിലാണ് വണ്ടനാമല കോളനി നിവാസികൾ.

വാര്‍ഡ് മെമ്പര്‍ അമ്പിളി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, വിമലാജോസഫ്, പഞ്ചായത്തംഗം രാജു തേക്കുംതോട്ടം, വണ്ടനാമല വികസനസമിതിയംഗം ബിന്ദു പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റോഡിന് പണം അനുവദിച്ച എം.എല്‍.എ. യെ നാട്ടുകാര്‍ ഉപഹാരം നല്കി ആദരിച്ചു.

error: Content is protected !!