ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് കൊടിയേറി. അഞ്ചിന് വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽ നിന്ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു . ദീപാരാധനയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര്, മേൽശാന്തി പെരുനാട്ടില്ലം വിനോദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു .

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ തിങ്കളാഴ്ച കൊടിയേറ്റിനുശേഷം രാത്രി എട്ടിന് ഡോ. വൈക്കം വിജയലക്ഷ്മിയുടെ സംഗീതനിശ നടത്തി. ഗായത്രിവീണ, വായ്പാട്ട്, ലളിതഗാനം എന്നിവ കോർത്തിണക്കിയ പരിപാടിയാണ്. സോപാനസംഗീതജ്ഞനും വാദ്യകലാകാരനുമായിരുന്ന അന്തരിച്ച ചിറക്കടവ് ബേബി എം.മാരാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച സോപാനം സാംസ്‌കാരിക കേന്ദ്രമാണ് പരിപാടി ഒരുക്കിയത്. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനാവാത്തവർക്കായി ഓൺലൈനിൽ ലൈവ് സ്ട്രീമിങ് ഉണ്ട്. നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ, സംഗീതജ്ഞൻ കെ.പി.എ.സി.രവി എന്നിവരെ ചടങ്ങിൽ ആദരിച്ചു .

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ പതിവുപോലെ ഉത്സവക്കാലത്ത് ഭക്തർക്ക് കാണിക്കയർപ്പിക്കാൻ രാജഭരണകാലത്തെ മരവഞ്ചിയും ഒരുക്കിയിട്ടുണ്ട് . വഞ്ഞിപ്പുഴ രാജവംശത്തിന് ചിറക്കടവിൽ അധികാരമുണ്ടായിരുന്ന കാലത്ത് രാജകുടുംബാംഗങ്ങൾ ക്ഷേത്രദർശനത്തിനെത്തുമ്പോൾ മഹാദേവന് കാണിക്കയായി പൊന്ന് അർപ്പിച്ചിരുന്നത് മരവഞ്ചിയിലാണ്. കാലപ്പഴക്കംകൊണ്ട് കേടുപാടുവന്ന വഞ്ചി പുനർനിർമിച്ച് ഇപ്പോൾ എല്ലാ ഉത്സവക്കാലത്തും ഭക്തർക്ക് കാണിക്കയിടാനായി കൊടിമരച്ചുവട്ടിൽ സ്ഥാപിക്കാറുണ്ട്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലൊന്നും നിലവിൽ ഇത്തരം വഞ്ചികൾ ഉപയോഗിക്കുന്നില്ല.

error: Content is protected !!