എ.കെ.ജെ.എം. സ്കൂളിലെ മുൻ സംഗീത അധ്യാപകനായിരുന്ന പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ചു
കാഞ്ഞിരപ്പള്ളി : പ്രശസ്ത ഗാനരചയിതാവും, സംഗീത സംവിധായകനും എ.കെ.ജെ.എം. സസ്‍കൂളിന്റെ ആദ്യകാല സംഗീത അധ്യാപകനുമായിരുന്ന ശ്രീ ആലപ്പി രംഗനാഥിന്റെ നിര്യാണത്തിൽ സ്കൂളിൽ വച്ചു നടന്ന പ്രത്യേക അനുശോചന ചടങ്ങിൽ അദ്ദേഹത്തെ അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ മുൻ പിടിഎ പ്രസിഡന്റ് ബേബിച്ചൻ എർത്തയിൽ തന്റെ സുഹൃത്തായ ആലപ്പി രംഗനാഥിനെ അനുസ്മരിക്കുകയും അദ്ദേഹമൊത്തുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
എ.കെ.ജെ.എം. മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല സ്.ജെ. അധ്യക്ഷത വഹിച്ചു. ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ ആലപ്പി രംഗനാഥ് എന്ന് ഫാ അഗസ്റ്റിൻ ഓർമിപ്പിച്ചു. കൃഷ്ണകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ സംഗീത അധ്യാപകനായ രാജു മാസ്റ്റർ തന്റെ മുൻഗാമി ആലപ്പി രംഗനാഥുമൊത്തുള്ള ഓർമ്മകൾ പങ്കു വച്ചു. അധ്യാപകനും ഗായകനുമായ എം.ൻ. സുരേഷ്ബാബു ശ്രീ രംഗനാഥന്റെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു.
അവിസ്മരണീയമായ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച് കടന്നുപോയ ആ ബഹുമുഖ പ്രതിഭയുടെ ആത്മാവിന് നിത്യശാന്തിക്കു പ്രാർത്ഥനാമലരുകൾ സമർപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു.