വെള്ളം കുറഞ്ഞതോടെ മാലിന്യക്കൂമ്പാരമായി ചിറ്റാർപുഴ

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ നിറഞ്ഞെഴുകിയ ചിറ്റാർപുഴയിൽ മാലിന്യം കുമിഞ്ഞുകൂടിയ നിലയിൽ. വേനൽ കടുത്തതോടെ പുഴയിലെ വെള്ളം പലയിടങ്ങളിലും വറ്റി ഒഴുക്കുനിലച്ച നിലയിലാണ്. പ്രളയത്തിലും വേനൽമഴയിലും ഒഴുകിയെത്തിയ മാലിന്യം പുഴയോരത്തും വെള്ളത്തിലുമായി കെട്ടിക്കിടക്കുന്ന നിലയിലാണ്.

ചിറ്റാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികൾക്കും ചെക്ക് ഡാമുകൾക്ക് സമീപവും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുന്നുകൂടിയ നിലയിലാണ്. പ്രളയം ബാക്കിയാക്കിയ മാലിന്യം പുഴയോരത്തെ മരങ്ങളിൽ തങ്ങിനിൽക്കുന്നുണ്ട്. ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്തതാണ് ചിറ്റാർ പുഴയിൽ മാലിന്യം നിറയാൻ കാരണം.

ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടി രാത്രി കാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. കെട്ടിക്കിടക്കുന്ന മാലിന്യത്തിൽനിന്ന് ദുർഗന്ധമുണ്ടാകുന്ന സ്ഥിതിയുമുണ്ട്. മഴക്കാലമെത്തിയാൽ ഈ മാലിന്യങ്ങളൊക്കെയും ഒഴുകിയെത്തുന്നത് മണിമലയാറ്റിലേക്കാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങളും നീക്കംചെയ്തിട്ടില്ല. ചിറ്റാർ പുഴയിൽ സ്ഥിതിചെയ്യുന്ന തടയിണകൾ പലതിലും മാലിന്യം അടിഞ്ഞ് താഴ്ചയും കുറഞ്ഞ നിലയിലാണ്. പുഴയെ സംരക്ഷിക്കാൻ മാലിന്യം നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

error: Content is protected !!