പടപ്പാടി തോട്ടിൽ പൂതക്കുഴി ചെക്ക്ഡാം ഭാഗത്ത് റോഡ് ഉയർത്തി നിർമ്മിക്കും
കാഞ്ഞിരപ്പള്ളി: പടപ്പാടി തോട്ടിൽ പൂതക്കുഴി ചെക്ക്ഡാം ഭാഗത്ത് 26.5 ലക്ഷം രൂപ ചെലവഴിച്ച് തോട്ടിൽ നിന്നും റോഡിലേക്ക് വെള്ളം കയറാത്ത വിധം റോഡ് ഉയർത്തി നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീർ അറിയിച്ചു. ഗ്രാമ പഞ്ചായത്തിൽ നിന്നും 2021 – 2022 വാർഷിക പദ്ധതിയിൽ പ്പെടുത്തി അനുവദിച്ച 6.5 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണമാണ് ആദ്യം പൂർത്തിയാക്കുന്നത്.
റോഡ് ഉയർത്തി നിർമ്മിക്കുന്നതിന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജിൻ്റെ നിർദ്ദേശപ്രകാരം വെള്ളപൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച10 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.റോഡിൻ്റെയും തോട് സംരക്ഷണഭിത്തിയുടെയും നിർമ്മാണത്തിന് മൈനർ ഇറിഗേഷനിൽ നിന്നും 10 ലക്ഷം രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു.പ്രളയത്തിൽ 26-ാം മൈലിലെ പാലം ദുർബലമായതോടെ എരുമേലി ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരവാഹങ്ങളും തീർത്ഥാടക വാഹനങ്ങളും 3 മാസമായി ഈ വഴിയാണ് ഉപയോഗിച്ച് വരുന്നത്. തന്മൂലം ഈ റോഡിന് കൂടതൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 26-ാം മൈൽ പാലത്തിൻ്റെ അറ്റകുറ്റ പണികൾ തീർന്ന് ഗതാഗത യോഗ്യമാകുന്നതോടെ പൂതക്കുഴി – പട്ടിമറ്റം റോഡിൻ്റെ നിർമ്മാണം ആരംഭിക്കും.പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണത്തിന് 2022 – 2023 വാർഷിക പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അറിയിച്ചു.റോഡിൻ്റെ ഉയരം കൂട്ടി ഓടയും കലുങ്കും നിർമ്മിക്കുന്നതിനാവശ്യമായ തുക ഈ സാമ്പത്തിക വർഷത്തിൽ തന്നെ അനുവദിക്കുമെന്നും ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീർ അറിയിച്ചു.