ഇരുപത് ലക്ഷം രൂപ അനുവദിച്ചു; അഞ്ചിലിപ്പ പാലം നന്നാക്കാൻ നടപടിയായില്ല

കാഞ്ഞിരപ്പള്ളി : പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളിയിലെ അഞ്ചിലിപ്പ പാലം നന്നാക്കാൻ നടപടിയില്ല. അറ്റകുറ്റപണികൾക്ക് ഇരുപത് ലക്ഷം രൂപ അനുവദിച്ചെങ്കിലും ജോലികൾ ആരംഭിച്ചില്ല. കഴിഞ്ഞ ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ അഞ്ചിലിപ്പ പാലം തകർന്നത്. വിഴിക്കിത്തോട്, ചേനപ്പാടി, എരുമേലി, എന്നിവിടങ്ങളിലേക്ക് ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത്. പ്രളയത്തിൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകൾ തകർന്നു താറുമാറായി. പാലത്തിന്റെ സംരക്ഷണ ഭിത്തിക്ക് ബലക്ഷയമുണ്ടായതിന് പുറമെ കൈവരികളും തകർന്നു.

പാലത്തിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായി. ജില്ലാ പഞ്ചായത്ത് ഡിവിഷനംഗം ജെസി ഷാജന്‍ പാലത്തിന്‍റെ കേടുപാടുകള്‍ തീർക്കാൻ പണവും അനുവദിച്ചു. മൂന്ന് മാസം കഴിഞ്ഞിട്ടും ജോലികൾ ആരംഭിച്ചില്ല.

അപകടാവസ്ഥയിലായ പാലത്തിലൂടെ നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. ഇത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. ഇരുവശങ്ങളിലും കൈവരികൾ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ഉടന്‍ അറ്റകുറ്റപ്പണികൾ നടത്തി പാലം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!