കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം
കാഞ്ഞിരപ്പള്ളി∙ സെന്റ് ഡൊമിനിക്സ് കോളജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ കോളജിൽ എത്തുന്നത് ഒരേ വേഷത്തിൽ. കോളജിലെ 6 ബിരുദാനന്തര ബിരുദ വിഭാഗങ്ങളിലെ പുതിയ ബാച്ച് വിദ്യാർഥികൾക്കാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തിയത്. 92 പെൺകുട്ടികളും 8 ആൺകുട്ടികളും ഒരേ നിറത്തിലുള്ള പാന്റ്സും ഷർട്ടും അണിഞ്ഞ് കോളജിലെത്തുന്നത്. എംഎ ഇക്കണോമിക്സ്, ഇംഗ്ലിഷ്, എംകോം, എംഎസ്‌സി കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർഥികളുടെ യൂണിഫോമാണ് ആദ്യ ഘട്ടമായി ഏകീകരിച്ചത്.
പുതിയ മാറ്റത്തെ വിദ്യാർഥികളും ആവേശപൂർവം സ്വീകരിച്ചു. മുൻപ് പെൺകുട്ടികൾക്ക് ചുരിദാറും ഓവർകോട്ടും ആൺകുട്ടികൾക്ക് ഷർട്ടും പാന്റ്സുമായിരുന്നു യൂണിഫോം. വിദ്യാർഥികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തിയതെന്ന് കോളജ് അധികൃതർ പറഞ്ഞു. 13 ബാച്ചുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളാണ് കോളജിൽ പഠിക്കുന്നത്. ഘട്ടം ഘട്ടമായി കോളജിലെ മുഴുവൻ വിദ്യാർഥികളുടെയും യൂണിഫോം ഏകീകരിക്കാനാണ് കോളജ് അധികൃതരുടെ ലക്ഷ്യം.