കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും : റോഡിന്റെ അന്തിമ രൂപരേഖ റെഡിയായി; ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാർ പത്തുവർഷത്തിലേറെ കാലമായി കാത്തുകാത്തിരിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. 1.65 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാതയുടെ വിശദമായ അന്തിമ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ മുന്നോടിയായി വൈദ്യുതി വകുപ്പ്, ജലവിതരണ വകുപ്പ്, ബിഎസ്എൻഎൽ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച്, ബൈപാസ് റോഡ് വരുമ്പോൾ നിർദിഷ്ട്ട പ്രദേശങ്ങളിലെ പണികൾ സുഗമമായി നടത്തുന്നതിന് വേണ്ടി, അവരവരുടെ വകുപ്പുകൾ മാറ്റി സ്ഥാപികേണ്ട വസ്തുക്കളുടെയും പണികളുടെയും വിശദാംശങ്ങൾ വിലയിരുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി.
ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പടിക്കലിൽനിന്ന് ആരംഭിച്ച് ടൗൺ ഹാൾ പരിസരത്ത് കൂടി റാന്നി ആശുപത്രി പടിക്കും ഫാബിസ് ഓഡിറ്റോറിയത്തിനും സമീപം ദേശീയ പാതയിൽ ചെന്നിറങ്ങുന്നതാണ് നിർദിഷ്ട ബൈപ്പാസ്. ബൈപ്പാസ് കടന്നുപോകുന്ന 41 റീ സർവേ നമ്പരുകളിലുള്ള 3.4984 ഹെക്ടർ സ്ഥലമാണ് ബൈപ്പാസിനായി ഏറ്റെടുക്കുന്നത്.
ചിറ്റാർ പുഴയ്ക്ക് മുകളിലൂടെ ഫ്‌ളൈ ഓവറും ദേശീയപാത സംഗമിക്കുന്ന സ്ഥലങ്ങളിൽ റൗണ്ടാനകളും നിർമിക്കും. 1.65 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് നിർമിക്കുന്നത്.
സാമൂഹികാഘാത പഠനങ്ങളടക്കം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2008-ൽ സർക്കാരിന്റെ അനുമതി ലഭിച്ച ബൈപ്പാസ് പിന്നീട് നിയമക്കുരുക്കളിൽപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ നീണ്ടു പോവുകയായിരുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ് ശ്വാശത പരിഹാരമാകും.