എരുമേലി കെ.എസ്.ആർ.ടി.സി. കോവിഡ് പിടിയിൽ; മുപ്പതോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി : കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ 124 ജീവനക്കാരിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . അതോടെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയിലായി. സെന്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലുമായി . കെഎസ്ആർടിസി സെന്ററിനെ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ദീർഘദൂരസർവീസുകൾ ഉൾപ്പെടെ 23 ഷെഡ്യുളുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്

പനിയും അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സെന്ററിലെ 40 ജീവനക്കാർ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് യൂണിറ്റ് ഓഫീസറും മെക്കാനിക്കും കണ്ടക്ടറും ഡ്രൈവറും സ്റ്റേഷൻ മാസ്റ്ററും ചാർജ്മാനും ഉൾപ്പെടെ 30 പേർ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

നിരവധി ആളുകൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, സമൂഹ വ്യാപനത്തിന് സാധ്യതകളേറെയാണ്. കെ.എസ്.ആർ.ടി.സി. ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരും ആശങ്കയിലാണ്. കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുകയാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നുമില്ലാതെ ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണെന്നും ജീവനക്കാർ പറയുന്നു

മുഴുവൻ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി രോഗ ബാധിതരായവരെ പൂർണമായും ക്വാറന്റൈൻ ചെയ്യണമെന്നും സെന്റർ അടച്ചിട്ടു അണുവിമുക്തമാക്കിയ ശേഷം മാത്രം സർവീസ് ഓപ്പറേഷൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സിഐടിയു യൂണിയൻ ആരോഗ്യ വകുപ്പ് മന്ത്രി, കോർപ്പറേഷൻ എം ഡി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ പ്രളയത്തിനെ തുടർന്ന് കെട്ടിടം അപകട സ്ഥിതിയിലായ സെന്ററിൽ പ്രവർത്തനം പ്രയാസങ്ങളിലായതിന് പുറമെയാണ് കോവിഡിന്റെ ദുരിതം കൂടി എത്തിയിരിക്കുന്നത്. സെന്ററിലെ ടിക്കറ്റ് ആൻഡ് ക്യാഷ് സെക്ഷനും യാത്രക്കാർക്കായുള്ള ശൗചാലയവും അപകടസ്ഥിതിയിലാണ്. ശൗചാലയത്തിന്റെ തറ പൂർണമായും വിട്ടുമാറിയ നിലയിലാണ്. സംരക്ഷണ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണിട്ടും പുനർ നിർമിച്ചിട്ടില്ല. കെട്ടിടത്തിന്റെ തറകൾ ഇടിഞ്ഞു താഴുകയും ഭിത്തികൾ വിണ്ടു കീറുകയും ചെയ്തതിനാൽ ഭീതിയോടെയാണ് ഓഫീസിനുള്ളിൽ ജോലി ചെയ്യുന്നതെന്ന് ജീവനക്കാർപറയുന്നു. സംസ്ഥാനത്ത് ആദ്യമായി ജനകീയാസൂത്രണ പദ്ധതി പ്രകാരം പണികഴിപ്പിച്ച സെന്റർ ആണ് എരുമേലിയിലേത്. ദീർഘദൂരസർവീസുകൾ ഉൾപ്പെടെ 23 ഷെഡ്യുളുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്

error: Content is protected !!