ആനക്കല്ല് -പൊന്മല-പൊടിമറ്റം റോഡുപണിക്ക് നടപടിയില്ല ; തുക അനുവദിച്ചിട്ടും നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ആറുവർഷമായി തകര്‍ന്നുകിടക്കുന്ന ആനക്കല്ല് -പൊന്മല-പൊടിമറ്റം റോഡ് നവീകരിക്കാന്‍ രണ്ടു ഫണ്ടുകള്‍. എംഎല്‍എ വകയും എംപി വകയും മൂന്നുമാസം മുന്‍പ് തുക അനുവദിച്ചിട്ടും നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡ് ബിഎംബിസി നിലവാരത്തില്‍ നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ചതായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി 2.43 കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എംപിയും അറിയിച്ചു.
എന്നാൽ, അറിയിപ്പ് ഫ്ലക്സ് ബോർഡുകളിൽ മാത്രമാണ് ഉള്ളതെന്നും ഇതുവരെയായിട്ടും നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
പാറത്തോട് പഞ്ചായത്തിലെ 16-ാം വാര്‍ഡിലൂടെ കടന്നുപോകുന്ന റോഡില്‍ കഴിഞ്ഞ ആറുവര്‍ഷമായി നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല. അഞ്ചു കിലോമീറ്ററോളം ദൂരമുള്ള റോഡില്‍ കുഴിയില്ലാത്ത സ്ഥലമില്ല. ദേശീയ പാത 183 വഴി ഹൈറേഞ്ചില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്കു പോകുന്നതിനും ഈരാറ്റുപേട്ട റോഡുവഴി എത്തുന്ന വാഹനങ്ങള്‍ക്ക് ഹൈറേഞ്ച് ഭാഗത്തേക്കു പോകുന്നതിനും കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവേശിക്കാതെ കടന്നുപോകാന്‍ സാധിക്കുന്ന റോഡാണിത്. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്ന റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴിയുള്ള ഗതാഗതം കുറഞ്ഞു.
പൊന്മല പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളുടെ ഏക സഞ്ചാരമാര്‍ഗവും കൂടിയാണ്. മുന്‍പ് റോഡിലെ കുഴികള്‍ നാട്ടുകാര്‍ മണ്ണിട്ട് നികത്തിയിരുന്നു. എന്നാല്‍, വാഹനങ്ങള്‍ കയറിയും മഴ വെള്ള പാച്ചിലിൽ മണ്ണ് ഒലിച്ചു പോയും റോഡ് വീണ്ടും തകർന്ന നിലയിലായിരിക്കുകയാണ്.