തീർഥാടക വാഹനത്തിന്റെ ചില്ലുതകർത്ത് മോഷണം: രണ്ടുപേർ പിടിയിൽ ; പ്രധാനപ്രതി ഒളിവിൽ

എരുമേലി: എരുമേലിയിൽ അയ്യപ്പഭക്തരുടെ കാറിന്റെ ചില്ലു തകർത്ത് ഏഴു ഫോണുകളും അരലക്ഷം രൂപയും കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. മോഷണത്തിന് നേതൃത്വം നൽകിയയാൾ ഒളിവിൽ.

സഹായികളായ രണ്ടുപേരാണ് പോലീസിന്റെ പിടിയിലായത്. ഇവർ പ്രായപൂർത്തി ആകാത്തവരാണ്. നഷ്ടപ്പെട്ട ഏഴു ഫോണുകളിൽ ആറെണ്ണവും പണവും മോഷണത്തിന് നേതൃത്വം നൽകിയ ആളിന്റെ കൈവശമാണെന്നാണ് പോലീസ് നൽകുന്ന സൂചനകൾ. 1000 രൂപ വീതം സഹായികൾക്ക് നൽകി.

മോഷ്ടിച്ച ഫോണുകളിൽ ഒരെണ്ണം സഹായികളുടെ കൈയിലായിരുന്നു. ഇവർ സുഹൃത്തുക്കളുടെ സഹായത്തോടെ കാഞ്ഞിരപ്പള്ളിയിലെ ഒരുകടയിൽ ഫോൺ വിറ്റതു മോഷ്ടാക്കളെ കുടുക്കാൻ പോലീസിന് സഹായകമായി. നഷ്ടപ്പെട്ട ഏഴു ഫോണുകളും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഇവ ഓൺ ചെയ്യാത്തതിനാൽ വിവരശേഖരണം നടത്താനാവാത്ത നിലയിലായിരുന്നു. സഹായികൾ കാഞ്ഞിരപ്പള്ളിയിൽ വിറ്റ ഫോൺ കടയുടമ ഓൺ ചെയ്തതോടെയാണ് വിശദാംശങ്ങൾ മനസ്സിലാക്കി കാഞ്ഞിരപ്പള്ളിയിൽനിന്ന്‌ ഫോൺ കണ്ടെടുത്ത് സഹായികളെ പിടികൂടിയത്. എരുമേലി ടൗണിൽനിന്ന്‌ രണ്ടുകിലോമീറ്റർ മാറി ഓരുങ്കൽ കടവിനു സമീപം വ്യക്തിയുടെ പറമ്പിൽ പാർക്കുചെയ്തിരുന്ന വാഹനത്തിന്റെ ചില്ലുപൊട്ടിച്ചാണ് മോഷണം നടത്തിയത്. പോലീസിന്റെ നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത വിജനമായ പ്രദേശമാണിവിടം. തമിഴ്‌നാട് തേനി സ്വദേശികളായ അയ്യപ്പഭക്തരുടെ ഫോണുകളും പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ 23-ന് പുലർച്ചെ നാലുമണിയോടെയായിരുന്നു മോഷണം. എരുമേലി എസ്.എച്ച്.ഒ. മനോജ് മാത്യു, എസ്.ഐ. എം.എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രധാനിയെ പിടിക്കാൻ അന്വേഷണം വ്യാപകമാക്കി.

error: Content is protected !!