പുലിപ്പേടി : കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു
മുണ്ടക്കയം : ചെന്നാപ്പാറ, കൊമ്പുകുത്തി എന്നിവിടങ്ങളിൽ പശുവും വളർത്തുനായ്ക്കളും ചത്തത് പുലിയുടെ ആക്രമണത്തിലാണോയെന്ന് കണ്ടെത്താൻ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഒരാഴ്ചക്കിടെ രണ്ടിടങ്ങളിൾ ഉണ്ടായ സംഭവങ്ങൾ പുലിയുടെ ആക്രമണം മൂലമാെണന്ന് നാട്ടുകാർ പറയുന്നു. ചെന്നാപ്പാറയിൽ ടാപ്പിങ് തൊഴിലാളിയായ മോഹനൻ പുലിയെ കണ്ടതിന് പിന്നാലെ കൊമ്പുകുത്തിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. സുധീറും സുഹൃത്തും പുലിയെ കണ്ടിരുന്നു. തൊട്ടടുത്ത ദിവസം കൊമ്പുകുത്തിയിൽ വളർത്തുനായയെ പാതി കടിച്ചു കീറിയ നിലയിൽ കണ്ടു.
ചെന്നാപ്പാറ മുകൾ ഭാഗത്ത് എസ്റ്റേറ്റും വനവുമായുള്ള അതിർത്തിപ്രദേശത്തും നായകളെ കടിച്ചു കീറിയ നിലയിൽ കാണപ്പെട്ട കൊമ്പുകുത്തിയിലും രണ്ട് ക്യാമറകൾ വീതം നാലെണ്ണം സ്ഥാപിച്ചു. വനവുമായി അതിർത്തിയിലുള്ള ഇവിടങ്ങളിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വ്യാഴാഴ്ച കൊമ്പുകുത്തിയിൽ സ്ഥാപിച്ച ക്യാമറയിൽ വന്യമൃഗങ്ങൾ എത്തിയതായി സൂചന ലഭിച്ചിെല്ലന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.