കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ വാർ റൂമിലേക്കു ഓക്‌സിജൻ സിലിൻഡറുകൾ നൽകിയവരെ ആദരിച്ചു
കാഞ്ഞിരപ്പള്ളി: കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിലെ ഓക്‌സിജൻ വാർ റൂമിലേക്കു ഓക്‌സിജൻ സിലണ്ടറുകൾ നൽകിയ താലൂക്കിലെ മൂന്ന് ഏജൻസി ഉടമകളെ വ്യവസായ വകുപ്പ് ആദരിച്ചു. സ്ഥാപനത്തിലെ വ്യാവസായിക ആവശ്യത്തിന് വിതരണം ചെയ്തിരുന്ന ഓക്‌സിജൻ സിലിൻഡറുകൾ രൂപഭേദം വരുത്തി ആശുപത്രികളിൽ ഉപയോഗിക്കുകയായിരുന്നു. മൂന്ന് ഏജൻസികളിൽ നിന്നായി 84 സിലിൻഡറുകളാണ് കോട്ടയം ജില്ലയിലേക്ക് നൽകിയത്. ഇത് ഒട്ടേറെപ്പേരുടെ കോവിഡ് ചികിത്സയ്ക്ക് ഉപകരിച്ചു.
കാഞ്ഞിരപ്പള്ളി വിശാഖ് ഗ്യാസ് ഏജൻസി ഉടമ പി.ജീസുകുട്ടി, കാഞ്ഞിരപ്പള്ളി ഓക്‌സി ഗ്യാസസ് ഉടമ തേനംമാക്കൽ താജുദ്ദീൻ, പൊൻകുന്നം സൗത്ത് ഇന്ത്യ ഗ്യാസസ് ഉടമ മാർട്ടിൻ സ്‌കറിയ എന്നിവരെയാണ് വ്യവസായ വകുപ്പ് സംരംഭകർക്കായി നടത്തിയ നിക്ഷേപക സംഗമത്തിൽ പുരസ്‌കാരം നൽകി ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്‌സൺമാരായ വിമലാ ജോസഫ്, അഞ്ജലി ജേക്കബ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അർജുൻപിള്ള എന്നിവർ പ്രസംഗിച്ചു.