ആശ്വാസം.. ! മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഒപി പ്രവർത്തനമാരംഭിച്ചു
മുണ്ടക്കയം: ഏറെക്കാലത്തെ പരാതികൾക്കൊടുവിൽ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഒപി പ്രവർത്തനമാരംഭിച്ചു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഒപി പ്രവർത്തിക്കുക.
എൻഎൻആർഎച്ച്എംഎൽ നിന്നാണ് ഇതിനായി ഡോക്ടറെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിൽ നാലു ഡോക്ടർമാരുടെ സേവനം ലഭിക്കും. എന്നാൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡോക്ടർമാർ അവധിയിലായതോടെ രാവിലെയും വൈകുന്നേരവും ഓരോ ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിൽ ലഭിക്കുക. ഇത് ഡോക്ടർമാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് ആശുപത്രി പ്രവർത്തിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
കോടിക്കണക്കിനു രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ആശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ആറോളം ഡോക്ടര്‍മാര്‍ സേവനം നടത്തിയിരുന്ന ഇവിടെ ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ ചികിത്സ തേടിയെത്തിയിരുന്നു. ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞതോടെ ചികിത്സ തേടിയെത്തുന്നവര്‍ വലയുന്ന സാഹചര്യമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നത് സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുകയും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്നു പ്രഖ്യാപനം നടത്തുകയും ചെയതെങ്കിലും കുടുംബാരോഗ്യ കേന്ദ്രമായി തരം താഴ്ത്തുകയായിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാരുടെ സേവനം ഗണ്യമായി കുറഞ്ഞത്.
നീണ്ടനാളത്തെ പരാതികൾക്കൊടുവിൽ ഉച്ചകഴിഞ്ഞുള്ള ഒപിയുടെ പ്രവർത്തനമാരംഭിച്ചത് മലയോരമേഖലയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും.