ഞായറാഴ്ച ആചരണത്തെ ഹനിക്കുന്ന വിധത്തിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം : കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി : കോവിഡ് വ്യാപന സാഹചര്യത്തിൽ യുക്തിസഹമായ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നതിന് പിന്തുണയ്ക്കുന്നുവെങ്കിലും . കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ദേവാലയങ്ങളിലെ ആരാധന സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിന്റെ മാനദണ്ഡം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത.
ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ ഹനിക്കുന്ന വിധത്തിൽ ഞായറാഴ്ചകളിൽ മാത്രം ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ പുന:പരിശോധിക്കേണ്ടതാണ്. വിശ്വാസികളുടെ ന്യായമായ അവകാശങ്ങൾക്ക് വിലക്കേർപ്പെടുത്താതെ ആരാധനാവകാശങ്ങൾ മാനിച്ചുകൊണ്ട് യുക്തിസഹമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കടമ ഉണ്ടെന്നും രൂപത പത്രക്കുറിപ്പിൽ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും തിരു വസ്ത്രത്തെ പോലും മ്ലേച്ഛമായ ചിത്രീകരിക്കുകയും ചെയ്യുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾക്കും വ്യക്തികൾക്കും മുന്നിൽ മൗനം പാലിക്കുന്ന പോലീസും ഭരണകൂടവും ഒരു പുരോഹിതൻ കലാപാഹ്വാനം നൽകിയെന്ന പേരിൽ സ്വീകരിച്ച നടപടികൾ പ്രതിഷേധാർഹമാണ്.
വിശ്വാസികൾക്ക് കാലോചിതമായ മുന്നറിയിപ്പുകളും പ്രബോധനങ്ങളും നൽകുന്നതിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല. ഏതെങ്കിലും കോണിൽ നിന്നുയരുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് ഏതെങ്കിലും മതവിശ്വാസത്തെ ഇകഴ്ത്തി കാണിക്കുന്നതിനല്ല . എല്ലാവരുടെയും വിശ്വാസത്തെ മാനിക്കുന്ന നിലപാടാണ് സഭയ്ക്കുള്ളത്. എന്നാൽ അപകടങ്ങളെയും കെണികളെയും കുറിച്ച് വിശ്വാസ സമൂഹത്തിന് ബോധ്യം നൽകുവാൻ സഭയ്ക്ക് കടമയുണ്ട്.
ക്രൈസ്തവ വിശ്വാസികളിൽ ആശങ്കയുളവാക്കുന്ന വിവേചനപരമായ നടപടികളിൽ നിന്നും ഉത്തരവാദിത്തപ്പെട്ട ജനാധിപത്യ സംവിധാനങ്ങൾ പിന്തിരിയണമെന്നും രൂപത ആവശ്യപ്പെട്ടു.