എരുമേലിയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപതി പരിഗണനയിൽ, നിലവിലുള്ള സാമൂഹികാരോഗ്യ കേന്ദ്രം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ സർക്കാർ നിർദേശം നൽകി ..
എരുമേലി: ശബരിമല തീർത്ഥാടകരുടെ സംഗമ സ്ഥാനമായ എരുമേലിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം സഫലമാകുവാനുള്ള സാധ്യതയേറി . എരുമേലിയിൽ നിലവിലുള്ള സാമൂഹികാരോഗ്യ കേന്ദ്രം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി.
സാമൂഹിക ആരോഗ്യ കേന്ദ്രമായതിനാൽ ആശുപത്രിയിൽ രാത്രി ചികിത്സയും കിടത്തി ചികിത്സയും ഇല്ല. തീർഥാടനകാലത്ത് മാത്രമാണ് ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനമുള്ളത്.
വിദഗ്ധചികിത്സയ്ക്ക് 60 കിലോമീറ്റർ അകലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയാണ് ആശ്രയം. പരമ്പരാഗത പാതയിലെ പ്രദേശങ്ങൾ ഉൾപ്പെടെ എരുമേലിക്ക് ചുറ്റുമുള്ള തീർഥാടക പ്രദേശങ്ങൾ കണക്കുകൂട്ടിയാൽ 80 കിലേമീറ്ററോളം ദൂരമുണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻ. എരുമേലി, വെച്ചൂച്ചിറ, നാറാണംതോട് പഞ്ചായത്തുകളിലായി പതിനായിരക്കണക്കിന് ആളുകളുടെ ആശ്രയമാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം.
എന്നാൽ രാവിലെ ഒൻപതു മുതൽ രണ്ടുവരെ ഒൗട്ട് പേഷ്യന്റ് വിഭാഗവും രണ്ടു മുതൽ വൈകീട്ട് ആറു വരെ ഒരു ഡോക്ടറുടെ സേവനുമാണ് ആശുപത്രിയിൽ ലഭ്യമാകുന്നത്. വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ഉണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ആശുപത്രിയിൽ ഇല്ല.