പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നവരുടെ പേരിൽ കേസെടുക്കുവാൻ ചിറക്കടവ് പഞ്ചായത്ത്

പൊൻകുന്നം : പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ചിറക്കടവ് പഞ്ചായത്ത്. പൊൻകുന്നം പട്ടണത്തിൽ ബസ്‌സ്റ്റാൻഡിനോടുചേർന്നുള്ള വളപ്പിൽ പതിവായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിച്ച് മണിക്കൂറുകളോളം പുക നിറയുന്നത് കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് പഞ്ചായത്തിന്റെ തീരുമാനം.

വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേസെടുക്കുന്നതടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ അറിയിച്ചു. കടകളിലെയും വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറണം.

മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രക്രിയ ഇപ്പോൾ പഞ്ചായത്തിന്റെ ചുമതലയിൽ നടക്കുന്നുണ്ട്. ചേപ്പുംപാറയിൽ അനുവദിച്ച മേജർ എം.സി.എഫിന്റെ പണി പൂർത്തിയായിക്കഴിയുമ്പോൾ മാലിന്യനിർമാർജനം കൂടുതൽ കാര്യക്ഷമമാകും. ഹരിതകർമസേനയോട് എല്ലാവരും സഹകരിക്കണമെന്നും ആൻറണി മാർട്ടിൻ ആവശ്യപ്പെട്ടു.

പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് സമീപം വിദ്യാഭ്യാസ ജില്ലാ ഓഫീസിനോട് ചേർന്നുള്ള പ്രദേശത്ത് പതിവായി മാലിന്യം കത്തിക്കൽ നടക്കുന്നുണ്ടായിരുന്നു. ടൗണിലെ മാലിന്യം നീക്കം ചെയ്ത് ഇവിടെയിട്ട് കത്തിക്കുന്നത് ജനങ്ങൾക്ക് ദുരിതമായി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുന്നതിന്റെ പുക നിറയുകയാണ് സമീപത്തെ കടകളിലും ഓഫീസുകളിലും. മാലിന്യം സംഭരിക്കാനും തരംതിരിക്കാനും സംവിധാനമില്ലാത്തതിനാൽ ജനങ്ങൾക്ക് ഉപദ്രവമാകും വിധം മിക്ക ദിവസങ്ങളിലും കത്തിക്കൽ നടക്കുന്നുണ്ടായിരുന്നു .

error: Content is protected !!