കാഞ്ഞിരപ്പള്ളിയിലുണ്ടായ വെടിവെപ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തോക്കുകളുടെ എണ്ണവും മറ്റ് വിവരങ്ങളും…
കോട്ടയം: ഒരാൾക്ക് രണ്ടോ മൂന്നോ തോക്ക് കൈവശം വെക്കാം. തോക്ക് കൈവശം വയ്ക്കുന്നവർക്ക് മൂന്നുവർഷം വരെയായിരുന്നു നേരത്തെ ലൈസൻസ് അനുവദിച്ചിരുന്നത്. ലൈസൻസ് കാലാവധി അവസാനിച്ചാലുടൻ തോക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അംഗീകൃത തോക്ക് വിൽപ്പന ശാലകളിലോ (ആർമറി) സൂക്ഷിക്കാൻ ഏൽപ്പിക്കണം. ലൈസൻസ് പുതുക്കാനുള്ള അപേക്ഷകളിൽ വിശദമായ അന്വേഷണം നടത്തിയശേഷമേ നടപടിയെടുക്കൂ.
ഇപ്പോൾ അഞ്ചുവർഷംവരെ ലൈസൻസ് അനുവദിക്കാൻ നിയമമുണ്ട്. ഒരുവർഷത്തേക്ക് ലൈസൻസ് ഫീസ് 500 രൂപയാണ്. റിവോൾവർ, പിസ്റ്റൾ, ഡബിൾ ബാരൽ തുടങ്ങിയ വിഭാഗം തോക്കുകളാണ് വ്യക്തികൾക്ക് അനുവദിക്കുക. തോക്കിൽ ഉപയോഗിക്കുന്ന ബുള്ളറ്റിന്റെ വലുപ്പം ഉൾപ്പെടെ എല്ലാ വിവരങ്ങളും രജിസ്റ്റർ ചെയ്യും. കേന്ദ്രസർക്കാരിന്റെ ആംസ് ലൈസൻസ് ഇഷ്യൂവിങ് സിസ്‌റ്റത്തിൽ ലൈസൻസ് ലഭിക്കുന്നവരുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. ഇവർക്ക് തിരിച്ചറിയൽ നമ്പറും കിട്ടും.
ഒരുവർഷം പരമാവധി 200 ബുള്ളറ്റുകൾ മാത്രമേ വ്യക്തികൾക്ക് അനുവദിക്കൂ. പരമാവധി 100 ബുള്ളറ്റ് മാത്രമേ ഒരേസമയം കൈവശം വയ്ക്കാൻ അനുവാദമുള്ളൂ.
ലൈസൻസ് കിട്ടാൻ
ജില്ലാ കളക്ടറാണ് തോക്ക് അനുവദിക്കുക. അപേക്ഷ നൽകിയാൽ ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ അനുകൂല റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ലൈസൻസ് ലഭിക്കൂ. ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ അന്വേഷിക്കും. റിപ്പോർട്ട് അനുകൂലമായി ലഭിച്ചാൽ കളക്ടർ വിചാരണ നടത്തും. തോക്ക് കൈവശം വയ്ക്കാൻ അർഹതയുണ്ടെന്ന് വ്യക്തമായാൽ ലൈസൻസ് അനുവദിക്കും. ലൈസൻസ് പുതുക്കാൻ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് മാത്രം മതി. എ.ഡി.എം. ആണ് ഇതനുവദിക്കുന്നത്.
ആദ്യമായി തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർ മാനസികാരോഗ്യം സംബന്ധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. തോക്ക് ഉപയോഗിക്കാൻ അറിയാവുന്നവരാണോ എന്ന പോലീസ് റിപ്പോർട്ട് വേണം. പ്രായമായവരാണെങ്കിൽ തോക്ക് ഉപയോഗിക്കാൻ കഴിയുന്നവരാണെന്ന് തെളിയിക്കണം. അതിനായി റൈഫിൾ ക്ലബ്ബുകളിൽ പരിശീലനം തേടാം. തോക്ക് വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് (ലോക്കർ പോലുള്ള സൗകര്യങ്ങൾ) ലൈസൻസിന് അപേക്ഷിക്കുന്നയാൾ സത്യവാങ് മൂലം നൽകണം. തോക്ക് മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് സ്വയം ഉറപ്പാക്കണം.
തോക്കിന്റെ പൂർണ ഉത്തരവാദിത്ത്വം ഉടമയ്ക്കാണ്. ആരുടെയും ജീവഹാനി വരുത്താൻ പാടില്ല. സ്വയരക്ഷയ്ക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
വിലയുണ്ട്, ലക്ഷങ്ങൾവരെ
ഇന്ത്യൻ നിർമിത റിവോൾവർ, പിസ്റ്റൾ എന്നിവയ്‌ക്ക് 50000 മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുണ്ട്. വിദേശ നിർമിതമാണെങ്കിൽ ഒന്നരലക്ഷം മുതൽ മൂന്നരലക്ഷം രൂപ വരെ വില വരും. വിവിധ തരങ്ങളിലായി 25 മുതൽ 100 രൂപവരെയാണ് ബുള്ളറ്റിന്റെ വില.