ശബരിമല വിമാനത്താവളം; റൺവേയുടെ നീളം കൂട്ടി പുതിയ സർവേ റിപ്പോർട്ട്
എരുമേലി : നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റൺവേയുടെ സ്ഥാനം നിർദേശിച്ചുകൊണ്ടുള്ള പുതിയ സർവേ പൂർത്തിയായി. മുമ്പ് നൽകിയ റിപ്പോർട്ടിൽ, റൺവേയുടെ നീളം അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നിഷ്കർഷിച്ച അത്രയും ഇല്ലായിരുന്നു. വീണ്ടും സർവേ നടത്തി വിവരം സമർപ്പിക്കാൻ കൺസൽട്ടന്റായ ലൂയിബഗ്റിനോട് നിർദ്ദേശിക്കുകയായിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും ഭാവിനടപടികളെന്ന് സ്െപഷ്യൽ ഒാഫീസർ വി. തുളസീദാസ് പറഞ്ഞു.
ഒബ്‌സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ ആണ് ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ നടത്തിയത്. റൺവേയ്ക്ക് ഉദ്ദേശിക്കുന്നിടത്ത് വിമാനം ഉയരുമ്പോൾ ഉണ്ടാകാൻ ഇടയുള്ള തടസ്സങ്ങൾ കണ്ടെത്തുക, പദ്ധതിയിൽ ഉദ്ദേശിക്കുന്നത്ര നീളത്തിൽ റൺവേ സജ്ജമാക്കാൻ കഴിയുമോയെന്ന് നോക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടിവരുന്ന ഭൂമിയുടെ വിസ്തൃതിയും കണക്കാക്കി.
ലൂയി ബഗ്ർ കമ്പനിക്കുവേണ്ടി ജിയോ ഐഡി എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. നേരത്തെ നൽകിയ സർവേ റിപ്പോർട്ടുപ്രകാരം റൺവേ നീളം 2.7 കിലോമീറ്ററായിരുന്നു. ഇത് കുറവാണെന്നാണ് വിലയിരുത്തിയത്.നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് 3.4 കിലോമീറ്ററും കണ്ണൂരിന് 3.05 കിലോമീറ്ററുമാണ് റൺവേ ദൂരം. അവിടെ വികസന സാധ്യതയുമുണ്ട്. ചെറുവള്ളിയിൽ 3.5 കിലോമീറ്ററെങ്കിലും വേണമെന്നാണ് നിർദേശിച്ചിരുന്നത്. റൺവേ, നിർദ്ദിഷ്ടഭൂമിയിൽ ഏതുഭാഗത്തും ആകാം. ഇൗ സ്ഥാനം ഉറപ്പിച്ചാൽ അവിടെ മണ്ണിന്റെ ഉറപ്പും മറ്റും പഠിക്കണം.
നേരത്തെ പദ്ധതിക്കായി സമർപ്പിച്ച അപേക്ഷ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഏവിയേഷൻ തള്ളിയിരുന്നു. പിഴവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. ഇപ്പോഴത്തെ സർവേവിവരങ്ങളും മറ്റും പുതിയ അപേക്ഷയിൽ ഉൾപ്പെടുത്തും.