കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം പ്രശ്നങ്ങളിലേക്ക് നയിച്ചത് ജോർജ് കുര്യന്റെ കോടികളുടെ കടബാധ്യത

 

• വെടിവെയ്ക്കാനുപയോഗിച്ച റിവോൾവർ പോലീസ് പരിശോധിക്കുന്നു

കാഞ്ഞിരപ്പള്ളി: ഇളയസഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ സ്ഥലം വിൽക്കുന്നത് എതിർത്തതുകൊണ്ടും വീട്ടിൽ നിന്നിറക്കിവിടാൻ ശ്രമിച്ചതുകൊണ്ടുമാണെന്ന് പ്രതി ജോർജ് കുര്യൻ പോലീസിൽ മൊഴിനൽകി. സാമ്പത്തിക ബാധ്യത തീർക്കാനായി, കുടുംബവീടിനോട് ചേർന്ന് ലഭിച്ച കുടുംബസ്വത്ത് വിൽക്കാനുള്ള ശ്രമത്തെ അനുജൻ രഞ്ജു കുര്യനും മാതൃസഹോദരൻ മാത്യു സ്‌കറിയയും എതിർത്തിരുന്നു.

എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് കുര്യനുള്ള കോടികളുടെ കടബാധ്യതയാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ജോർജ് കുര്യൻ കൂടുതൽ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സ്വത്ത് വിൽക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.

തിങ്കളാഴ്ച ജോർജ് കുര്യൻ വീട്ടിലെത്തുമ്പോൾ രഞ്ജു കുര്യനും മാത്യു സ്‌കറിയയും വീട്ടിലുണ്ടായിരുന്നു. ഇവരും ജോർജ് കുര്യനുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. തൊട്ടടുത്ത് നിന്നാണ് ഇരുവർക്കും വെടിയേറ്റത്. മൽപ്പിടിത്തത്തിനിടെയാകാം ജോർജ് കുര്യന്റെ വസ്ത്രത്തിൽ രക്തം പുരണ്ടതെന്നും സംശയിക്കുന്നു.

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), പൊട്ടംകുളം മാത്യൂസ് സ്‌കറിയ (78) എന്നിവരാണ് മരിച്ചത്.

വെടിയുണ്ട നെഞ്ചുതുളച്ച് പുറത്തേക്ക്

: രഞ്ജുവിന്റെ നെഞ്ചത്താണ് വെടിയേറ്റതെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തി. നെഞ്ചിൽ തുളഞ്ഞു കയറിയ വെടിയുണ്ട വലതുകക്ഷത്തിലൂടെ പുറത്തുപോയ നിലയിലാണ്. ജനറൽ ആശുപത്രിയിലാണ് ഇൻക്വസ്റ്റ് നടത്തിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പോസ്റ്റുമാർട്ടത്തിനുമായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെ കൂടാതെ ഫോറൻസിക്, ഫിംഗർ പ്രിന്റ് ബാലിസ്റ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥരും ചേർന്നാണ് ഇൻക്വസ്റ്റ് നടത്തിയത്. നാല് വെടിയുണ്ടകളുടെ കാട്രിഡ്ജ് കെയ്സ് സംഭവം നടന്ന മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു. നാലുതവണ വെടിയുതിർത്തെന്നാണ് പോലീസ് പറയുന്നത്.

error: Content is protected !!