പ്രളയം വിഴുങ്ങിയ കൂട്ടിക്കലിനെ ബജറ്റും മറന്നു
മുണ്ടക്കയം: പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന കൂട്ടിക്കൽ മേഖലയുടെ പുനരുദ്ധാരണത്തിന് ബജറ്റിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന കുട്ടിക്കൽ നിവാസികൾക്ക് നിരാശ.
മുണ്ടക്കയത്ത് ഫയർസ്റ്റേഷനും മണിമലയാറിനു കുറുകെ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി പുതിയ പാലവും ഏന്തയാർ മുക്കുളം പാലത്തിന്റെ പുനർനിർമാണത്തിനും തുക വകയിരുത്തിയതുമല്ലാതെ മറ്റൊരു പ്രഖ്യാപനവും പ്രളയ ദുരിതബാധിത മേഖലയ്ക്ക് ഉണ്ടായില്ല.
കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലായി പ്രളയത്തിൽ 36 ചെറുതും വലുതുമായ പാലങ്ങൾ തകർന്നിരുന്നു. ഇതു കൂടാതെ നിരവധി റോഡുകളും കർഷകരുടെ കൃഷിഭൂമിയും ഒലിച്ചുപോയി. ഇതിനായി ബജറ്റിൽ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും നിരാശയാണുണ്ടായത്. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനവും ദുരന്തസാധ്യത പഠനവുമൊക്കെ നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും ബജറ്റിൽ ഇതും ഇടം ലഭിച്ചില്ല. പ്രളയത്തിൽ മുങ്ങിയ മണിമലയാർ, പുല്ലകയാർ നദി തീരങ്ങളിൽ നിരവധി കുടുംബങ്ങളാണ് ഇപ്പോഴും താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ഉയർന്നെങ്കിലും ധനമന്ത്രി ഇക്കാര്യവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല.
ഒരു പഞ്ചായത്തിനായി മാത്രം പ്രത്യേക പാക്കേജ് അനുവദിക്കുക എന്നുള്ളത് പ്രായോഗികമല്ലാത്തതിനാലാണു പ്രത്യേക പാക്കേജ് അനുവദിക്കാത്തതെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പ്രളയത്തിൽ നിരവധി പഞ്ചായത്തുകളിൽ വളരെ അധികം നഷ്ടം ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്ത് തകർന്ന പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായാണ് റീ ബിൽഡ് കേരളയിൽ 1,600 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ഇതിന്റെ പ്രയോജനം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രളയബാധിത മേഖലയിൽ ലഭിക്കും. പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനർ നിർമിക്കുന്നതിനു മാത്രം 92.99 കോടി രൂപ ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും കൂട്ടിക്കൽ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിന് ലഭിക്കുമെന്നും ജില്ലയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനായി 33 കോടി രൂപ അനുവദിച്ചതിന്റെ ഗുണവും പ്രളയ ബാധിത മേഖലയ്ക്ക് ഉണ്ടാകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.