ബജറ്റ്: എരുമേലി പഞ്ചായത്തിൽ 47.16 കോടിയുടെ പദ്ധതികൾ ; പഞ്ചായത്ത് കാര്യാലയം പുനർനിർമിക്കാൻ അഞ്ചുകോടി

എരുമേലി: എരുമേലി പഞ്ചായത്തിൽ 53.57 കോടി വരവും 47.16 കോടി രൂപ ചെലവും 6.41 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അനുശ്രീ സാബു അവതരിപ്പിച്ചു.
പഞ്ചായത്ത് കാര്യാലയത്തിണ്ട് പുനർ നിർമാണത്തിന് അഞ്ച് കോടി രൂപ വകയിരുത്തി. കാവുകളുടെ സംരക്ഷണത്തിനും ടൗണിന് സമീപം ടാക്‌സി സ്റ്റാൻഡിന് സ്ഥലം വാങ്ങാനും തുക വകയിരുത്തിയിട്ടുണ്ട്.

ഉത്പാദനമേഖലയിൽ 3.4 കോടിയും പശ്ചാത്തല മേഖലയിൽ 1.86 കോടി രൂപയും വകയിരുത്തി. സുരക്ഷിതഭവനം ഉറപ്പാക്കാൻ 1.10 കോടിയും പ്രളയക്കെടുതി നേരിട്ട പമ്പാവാലി മേഖലയിൽ ദുരന്ത നിവാരണത്തിന്റെ ഭാഗമായി ഷെൽട്ടർ സൗകര്യം ഒരുക്കാൻ 10 ലക്ഷം രൂപയും വകയിരുത്തി.

നികുതി വരവിനത്തിൽ 1.51 കോടിയും നികുതിയേതര വരവിനത്തിൽ 65 ലക്ഷവും തനതുവരുമാനമായി 48 ലക്ഷവും, പദ്ധതി വരവിനത്തിൽ 28.38 കോടിയും പദ്ധതി ഇതര വരവിനത്തിൽ 11 കോടി രൂപയും പദ്ധതി വിഹിതം പൊതുവിഹിതം 3.64 കോടിയും ജനറൽ പർപ്പസ് ഗ്രാന്റായി 2.47 കോടി രൂപയും ബജറ്റിൽ പ്രതീക്ഷിക്കുന്നു.

ധനകാര്യ കമ്മിഷൻ ഗ്രാന്റായി ഒരു കോടി രൂപയും പട്ടികജാതി വികസനത്തിന് 2.34 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

സമഗ്ര പച്ചക്കറി കൃഷിക്കായി 2 കോടി വകയിരുത്തി. ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി കാലിത്തൊഴുത്ത് നവീകരണം എന്നിവയ്ക്ക് ഒരു കോടി, ചേനപ്പാടി കരിമ്പുകയം സായാഹ്നപാർക്ക്, വനാതിർത്തികളിൽ ഇക്കോപാർക്ക് എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ചർച്ചയിൽ പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു.

error: Content is protected !!