അതി മനോഹരങ്ങളായ ഗാനങ്ങളുമായി വൃദ്ധനായ ഒരു തെരുവു ഗായകൻ ..( വീഡിയോ )
Posted on June 8, 2017
കാഞ്ഞിരപ്പള്ളി : അതി മനോഹരങ്ങളായ ഗാനങ്ങളുമായി മുഹമ്മദ് എന്ന അറുപത്തെട്ടുകാരനായ ഒരു തെരുവു ഗായകൻ ശ്രോതാക്കളെ ആനന്ദസാഗരത്തിൽ ആറാടിച്ചു. സിനിമകളിലെ സെമി ക്ലാസിക്കൽ ഗാനങ്ങൾ, നാടക ഗാനങ്ങൾ, ഗസലുകൾ, ഭക്തിഗാനങ്ങൾ എന്നുവേണ്ട എല്ലാത്തരം ഗാനങ്ങളും ഒന്നൊന്നായി പാടി ഒരു അടിപൊളി സംരഭം. സാധാരണ ഒറ്റ നിൽപ്പിൽ മൂന്നു മണിക്കൂറുകൾ വരെ അദ്ദേഹം ഗാനമേള നടത്തും. പതിനായിരത്തിൽപരം ഗാനങ്ങൾ അദ്ദേഹം ഹൃദിസ്ഥമാക്കിയിട്ടുണ്ടത്രെ.. പ്രായം അദ്ദേഹത്തിന്റെ സുന്ദര ശബ്ദത്തിനു ഒരു കളങ്കവും വരുത്തിയിട്ടില്ല.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശിയായ താൻ ഒരു ചുമട്ടു തൊഴിലാളിയായിരുന്നുവെന്നും ലോറിയിൽ ചുമട് കയറ്റുന്നതിടിടയിൽ ഏണിയുടെ കമ്പു ഒടിഞ്ഞു താഴെ വീണു തന്റെ നട്ടെല്ല് തകർന്നു വളരെക്കാലം കിടപ്പിലായിരുന്നവെന്നും ആ ഗായകൻ പറഞ്ഞു. തന്റെ ഒരു കൈയുടെ ചലന ശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് പതിയെ പതിയെ ചലനശേഷി തിരിച്ചു കിട്ടിയെന്നും, ജീവിക്കുവാൻ മറ്റു വഴികളില്ലാതെയായപ്പോൾ തെരുവുകളിൽ പാടി നടന്നു കിട്ടുന്ന പണം കൊണ്ടാണ് താൻ ജീവിക്കുന്നതെന്നും അയാൾ പറഞ്ഞു. ഒരു ഓട്ടോയിൽ ആംപ്ലിഫയറും മറ്റും ഘടിപ്പിച്ചു അതിൽ സഞ്ചരിച്ചാണ് അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ഗാനമേള അവതരിപ്പിക്കുന്നത്. പ്രധാനമായും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനം . ഒരു കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകനായ അദ്ദഹം പാർട്ടിയുടെ പല പരിപാടികളിലും ഔദ്യോഗികമായി പാടുവാൻ പോകുമായിരുന്നു. മുതിർന്ന നേതാക്കളുമായി അടുത്ത സൗഹൃദവും അദ്ദേഹം കാത്തു സൂക്ഷിക്കുന്നുണ്ട്.
അടുത്ത ദിവസങ്ങളിൽ മുക്കൂട്ടുതറയിലും എരുമേലിയിലും മുഹമ്മദ് നാടത്തിയ ഗാനമേള വൻവിജയമായിരുന്നു . കുറെ നാളുകൾക്കു മുൻപ് ഒരു മണിക്കൂറോളോളം അയാൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ തന്റെ ഗാനമേള നടത്തിയിരുന്നു. ( വീഡിയോ കാണുക ) ആ ഗാന വിസ്മയത്തിൽ യാത്രക്കാർ നിർന്നിമേഷനായി കേട്ടുനിന്നുകൊണ്ട് ആ ഗാനമേള മുഴുവൻ ആസ്വദിച്ച് പണവും സംഭാവന നൽകിയാണ് പോയത്. പലരും ഗാനങ്ങൾകൊപ്പം ചുവടു വയ്ക്കുന്നതും കാണാമായിരുന്നു … ആ പ്രായത്തിലും തന്നെ കൊണ്ട് കഴിയുന്ന വിധത്തിൽ ജോലി ചെയ്തു അന്നം ഭക്ഷിക്കുന്ന ആ ഗായകനെ ശ്രോതാക്കൾ യാത്രക്കാർ ആദരവോടെയാണ് നോക്കി കണ്ടത്.
അതി മനോഹരങ്ങളായ ഗാനങ്ങളുമായി വൃദ്ധനായ ഒരു തെരുവു ഗായകൻ ..