കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ച് മകളെ കാണാതായപ്പോൾ ആ അമ്മ ചെയ്തത് മറ്റാരും ചെയ്യാത്ത കാര്യം..
Posted on June 6, 2017
കാഞ്ഞിരപ്പള്ളി : ഏലപ്പാറ സ്വദേശിനിയായ സ്‌കൂൾ അദ്ധ്യാപിക, തന്റെ രണ്ടു പെൺകുട്ടികളുമായി ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടി കോട്ടയത്തു പോയ ശേഷം തിരികെ വീട്ടിലേക്കു പോകുന്ന വഴി, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ഒരു പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. ബസ് സ്റ്റാൻഡിൽ ഇറങ്ങി അടുത്തുള്ള ടെക്സ്റ്റിൽസിൽ പോയി തുണികൾ വാങ്ങി തിരിച്ചെത്തിയ ശേഷമാണു കുട്ടിയെ കാണാതായത്. ഒരു പെൺകുട്ടിയ സ്റ്റാൻഡിൽ നിർത്തി തങ്ങൾക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ് വരുന്നുണ്ടോ എന്ന് നോക്കണമെന്ന് പറഞ്ഞ ശേഷം, മറ്റേ കുട്ടിയുമായി ഒരു കടയിൽ കയറി സാധനം വാങ്ങി തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ നിർത്തിയിട്ടു പോയ സ്ഥലത്തു കൂട്ടിയില്ല..
പരിഭ്രാന്തയായ ‘അമ്മ കുട്ടിയെ അന്വേഷിച്ചു ബസ് സ്റ്റാൻഡിൽ ആകമാനം പരക്കംപാഞ്ഞു പരിശോധിച്ചു. പക്ഷെ കുട്ടിയെ എങ്ങും കണ്ടെത്താനായില്ല.. എന്നാൽ നല്ല മനക്കരുത്തു ഉണ്ടായിരുന്ന ‘അമ്മ ഉടൻ തന്നെ, ബസ് സ്റ്റാൻഡിലെ അനൗൺസ്‌മെന്റ് മൈക്കിലൂടെ കുട്ടിയെ പറ്റി വിളിച്ചു പറയിക്കുവാൻ വേണ്ടി ഓടി ചെന്നപ്പോൾ, അനൗൺസ്മെന്റ് റൂമിൽ ആളില്ല .. ചായ കുടിക്കുവാൻ പുറത്തേക്കു പോയിരിക്കുന്നു..
അപ്പോൾ മറ്റൊരു അമ്മയും ചെയ്യുവാൻ മിനക്കെടാതെ കാര്യം ആ ‘അമ്മ ചെയ്തു. അന്നൗൻസ്മെന്റ് റൂമിൽ അടച്ചിട്ട വാതിൽ തനിയെ തള്ളിത്തുറന്നു കയറി ആ അമ്മ തന്നെ മൈക്കിൽ കൂടി തന്റെ കുട്ടിയെ കാണുവാനില്ല എന്ന വിവരം അന്നൗൻസ് ചെയ്തു, കുട്ടിയെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും പറയുകയും, ആരെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ തന്നെ ഏൽപ്പിക്കണമെന്നും വികാരഭരിതമായ സ്വരത്തിൽ ആ ‘അമ്മ അനൗൺസ് ചെയ്തു.
അതോടെ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നവർ അവർക്കു ചുറ്റും കൂടി. വിവരം അറിഞ്ഞു കാഞ്ഞിരപ്പള്ളി പോലീസും സ്ഥലത്തെത്തി. പോലീസുകാരുടെ മൊബൈലിലേക്ക് അക്ഷോഭയായി നിന്ന ആ ‘അമ്മ തന്റെ മകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും വാട്ട്സ് ആപ്പ് വഴി അയച്ചു കൊടുത്തു.
ഉടൻ തന്നെ പോലീസ് ഉണർന്നു പ്രവർത്തിച്ചു. അടുത്തുള്ള എല്ലാ സ്റ്റേഷനിലേക്കും വിവരങ്ങളും കുട്ടിയുടെ ഫോട്ടോയും അയച്ചു. എല്ലാ സ്ഥലങ്ങളിലും പോലീസ് വാഹന പരിശോധയയും തുടങ്ങി. ആ അമ്മയാകട്ടെ അവസരത്തിനൊത്തുയർന്നു, തന്റെ വിഷമങ്ങൾ മറച്ചു വച്ചുകൊണ്ടു പോലീസുകാരുടെ ഒപ്പം ചേർന്ന് അവരുടെ ഫോണിൽ കൂടി കിട്ടുന്ന, കുട്ടിയെ തിരയുന്നതിന്റെ വിവരങ്ങൾ ശ്രദ്ധയോടെ കേട്ടുകൊണ്ട് അതനുസരിച്ചു പ്രതികരിച്ചുകൊണ്ടിരുന്നു. ഭർത്താവിനെ വിളിച്ചു വിവരങ്ങൾ അപ്പപ്പോൾ തന്നെ അറിയിച്ചു കൊണ്ടുമിരുന്നു ..
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് : ‘അമ്മ പറഞ്ഞ സ്ഥലത്തു തന്നെ കുട്ടി കുറെ സമയം നിന്നിരുന്നു. അപ്പോഴാണ് അവർക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ് വന്നത്. അമ്മയും സഹോദരിയും കൂടെ കയറിക്കോളും എന്ന് കരുതി പെൺകുട്ടി ഓടിപോയി ആ ബസ്സിൽ കയറി.. കുറെ ദൂരം പിന്നിട്ട ശേഷമാണു അമ്മയും സഹോദരിയും കൂടെയില്ല എന്ന് കുട്ടിക്ക് മനസ്സിലായത്.
പരിഭ്രമിക്കുകയോ പേടിക്കുകയോ ചെയ്യാതെ, ആ കുട്ടി ഉടൻ തന്നെ അടുത്തിരുന്ന സ്ത്രീയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി തന്റെ അച്ഛന്റെ ഫോണിലേക്കു വിളിച്ചു വിവരം പറഞ്ഞു. അമ്മയുടെ ഫോൺ നമ്പർ കാണാതെ അറിയില്ലാതിരുന്നതിനാൽ അമ്മയെ വിളിക്കുവാൻ സാധിച്ചില്ല. ഫോണിൽ കൂടി വിവരങ്ങൾ അറിഞ്ഞ കുട്ടിയുടെ അച്ഛൻ, കുട്ടിയെ ആശ്വസിപ്പിച്ചു. മുണ്ടക്കയത് ബസ് എത്തുമ്പോൾ ബസ്സിൽ നിന്നും ഇറങ്ങി സ്റ്റെൻഡിൽ തന്നെ നിൽക്കുവാൻ അച്ഛൻ നിർദേശിച്ചു. തുടർന്ന് അദ്ദേഹം ഭാര്യയെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു.
ബസ് സ്റ്റാൻഡിൽ ഇറങ്ങി കാത്തുനിന്ന കുട്ടിയെ പെട്ടെന്ന് തന്നെ അവിടെ കുട്ടിയെ ഫോട്ടോ നോക്കി തിരഞ്ഞുകൊണ്ടിരുന്ന പോലീസുകാർ കണ്ടെത്തി. അമ്മയെ വിവരം അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ പോലീസ് ജീപ്പിൽ ഉടൻ തന്നെ ‘അമ്മയും സഹോദരിയും മുണ്ടക്കയത് എത്തി തമ്മിൽ ചേർന്നു.
ചീന്തലാർ സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക, ഏലപ്പാറ സ്വദേശിനിയായ വാതിൽക്കോടത്ത് ഫ്രിൻങ്കിളിനും രണ്ടു മക്കളും ആയിരുന്നു ഈ സംഭവത്തിലെ കഥാപാത്രങ്ങൾ. അസാമാന്യ ധൈര്യവും മനക്കരുത്തും ഉള്ളവരായിരുന്നു ആ അമ്മയും, കാണാതായ പെൺകുട്ടിയും എന്ന് നിസംശയം മനസ്സിലാക്കുവാൻ സാധിക്കും. ഭൂരിഭാഗം അമ്മമാരും അങ്ങനെയൊരു പ്രശ്നത്തിൽ അകപ്പെട്ടാൽ കരഞ്ഞു നിലവിളിച്ചു തലകറങ്ങി താഴെ വീണു പോകാറുണ്ട്. എന്നാൽ ഫ്രിൻങ്കിളിൻ തളരാതെ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി, വികാരങ്ങൾക്ക് അടിമപ്പെടാതെ, ചെയ്‌യേണ്ടുന്ന ഓരോ സ്റ്റെപ്പും ചെയ്‌യേണ്ടത് പോലെ തന്നെ ചെയ്തു. അതുപോലെ കാണാതായ കുട്ടിയും അവസരത്തിനൊത്തുയർന്നു പ്രവർത്തിച്ചു.. അതിനാൽ അധികം കുഴപ്പങ്ങൾ ഉണ്ടക്കാതെ കാര്യങ്ങൾ പര്യവസാനിച്ചു.
എന്നാൽ ബസ് സ്റ്റെൻഡിൽ വിവരം അറിഞ്ഞു അവരുടെ ചുറ്റും കൂടിയ ചില വിരുതൻമാർ, ആ അമ്മയെ സംശയ ദൃഷ്ടിയോടെയാണ് നോക്കിയത് . സ്വന്തം കുട്ടിയെ കാണാതായിട്ട്, കരഞ്ഞു നിലവിളിക്കാതെ, ബോധം കേട്ട് വീഴാതെ മനഃസാന്നിധത്തോടെ നിൽക്കുന്ന ഒരു അമ്മയെ അവർ ആദ്യമായിട്ട് കാണുകയായിരുന്നു എന്ന് തോന്നുന്നു. ” ഇത് ശുദ്ധ തട്ടിപ്പാണ് ” ഫ്രിൻങ്കിളിന്റെ മുഖത്ത് നോക്കി ചില വിരുതൻമാർ അങ്ങനെ കമന്റടിക്കുകയും ചെയ്തു.. കുട്ടിയെ കാണാതായപ്പോൾ ഫ്രിൻങ്കിളിൻ തനിയെ അന്നൗൻസ്മെന്റ് റൂമിൽ കയറി അനൗൺസ് ചെയ്ത സംഭവം ആ വിരുതന്മാർക്ക് ദഹിക്കുവാൻ കഴിഞ്ഞിട്ടില്ല .. ഒട്ടും പരിഭ്രമിക്കാതെ, മനഃസാന്നിധ്യ്തതോടെ, ചുറ്റും കൂടിയ ആൾകൂട്ടത്തിനെ ശ്രദ്ധിക്കാതെ, കുട്ടിയെ തിരയുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പോലീസുകാരുടെ മൊബൈൽ ഫോണിൽ കൂടി ശ്രദ്ധയോടെ കേട്ടു വിലയിരുത്തികൊണ്ടിരുന്നതും പലർക്കും രുചിച്ചില്ല ..
അങ്ങനെയൊരു സാഹചര്യത്തിൽ നെഞ്ചത്തടിച്ചു നിലവിളിച്ചു ബോധം കേട്ട് വീഴുന്ന സ്ത്രീകളാണ് പലരുടെയും മനസ്സിലെ ബിംബങ്ങൾ ..
സ്ത്രീ അബലയും ദുര്ബലയുമാണെന്ന പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു .. സഹനത്തിന്റെയും മനോബലത്തിന്റെയും കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെക്കാളും ഒരു പടി മുന്നിലാണ് എന്ന സത്യം പലർക്കും അറിയില്ല.. കാഞ്ഞിരപ്പള്ളിയിലെ പൊതുജനങ്ങൾക്ക് ഫ്രിൻങ്കിളിൻ എന്ന അദ്ധ്യാപിക അത് കാണിച്ചു കൊടുത്തു..