കൂട്ടിക്കൽ ചെക്ക്ഡാം പൊളിച്ചുനീക്കും ; മുണ്ടക്കയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കും – മന്ത്രി വി.എൻ. വാസവൻ

മുണ്ടക്കയം: വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കൂട്ടിക്കൽ ചെക്ക്ഡാം പൊളിച്ചുനീക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ . ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയച്ചത്.

മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകും. വീടിനു ഭാഗിക നാശംസംഭവിച്ചവർക്കും വീടു പൂർണമായി തകർന്നവർക്കും സർക്കാർ മാനദണ്ഡപ്രകാരമുള്ള ധനസഹായം നൽകും.

മുണ്ടക്കയത്ത് അഗ്നിരക്ഷാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങും. ദേശീയ ദുരന്തപ്രതികരണ സേനയുടെ 25 അംഗ സംഘം മുണ്ടക്കയത്ത് എത്തി.

റോഡിലെ ഗതാഗത തടസ്സങ്ങൾ നീക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് റോഡ്, പാലം വിഭാഗത്തിന് മന്ത്രി നിർദേശം നൽകി. മലവെള്ളപ്പാച്ചിലിൽ നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങൾ അപ്പപ്പോൾ മാറ്റാൻ ഇറിഗേഷൻ വകുപ്പിനും വെള്ളക്കെട്ടുകൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പിനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ജില്ലാ പഞ്ചായത്തംഗം പി.കെ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ‌ മന്ത്രി ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു. ഏന്തയാറിലെ ജെ.ജെ. മർഫി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.

error: Content is protected !!