മുണ്ടക്കയം, കൊക്കയാർ, നാരകംപുഴ പ്രദേശങ്ങൾ ഒറ്റപ്പെട്ടു
മുണ്ടക്കയം: കിഴക്കൻ മലയോര മേഖലകളായ മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഴയ്ക്ക് ഇന്നലെ രാവിലെ നേരിയ ശമനം ഉണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും മഴ അതിശക്തമായി.
തോരാ മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുണ്ടക്കയം കോസ് വേ പാലത്തിലും കൂട്ടിക്കൽ ചപ്പാത്ത് പാലത്തിലും വെള്ളം കയറി. കോസ് വേ പാലത്തിൽ വെള്ളം കയറിയതോടെ പൂഞ്ഞാർ – എരുമേലി സംസ്ഥാനപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു.
വെള്ളം കയറി ഒഴുകിയതിനെത്തുടർന്ന് മുണ്ടക്കയം കോസ് വേ പാലത്തിന്റെ കൈവരികൾക്ക് കേടുപാട് സംഭവിച്ചു. മുണ്ടക്കയം ബൈപാസിലും വെള്ളം കയറിയതോടെ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വടം ഉപയോഗിച്ച് വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. മണിമലയാറിന്റെ തീരത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് യുവാവ് ഒഴുക്കിൽപ്പെട്ടു. കൂട്ടിക്കൽ സ്വദേശി കന്നുപറന്പിൽ റിയാസ് (45) ആണ് അപകടത്തിൽപ്പെട്ടത്. മുണ്ടക്കയം പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. തേൻപുഴ ഈസ്റ്റിൽ മൂലയിൽ സരസയുടെ പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറിയതോടെ കൊക്കയാർ, നാരകംപുഴ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.