മഴയിൽ വ്യാപകകൃഷിനാശം
കാഞ്ഞിരപ്പള്ളി: കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ ബ്ലോക്കിൽ ഏകദേശം 2.36 ലക്ഷം രൂപയുടെ കൃഷിനാശം. ഒരു ഹെക്ടറോളം കൃഷി ഭൂമി ഒലിച്ചുപോയി. മുന്നൂറിലേറെ കുലച്ച ഏത്തവാഴകളും, മുന്നൂറ്റിയൻപതോളം കുലയ്ക്കാത്ത ഏത്തവാഴകളും മലവെള്ള പാച്ചിലിലും, വെള്ളപ്പൊക്കത്തിലുമായി നശിച്ചു. കൂട്ടിക്കൽ പഞ്ചായത്തിൽ കുലച്ച നൂറോളം വാഴകളും, കുലയ്ക്കാത്ത 105 വാഴകളും മലവെള്ളപ്പാച്ചിലിൽ നശിച്ചു. കോരൂത്തോട്ടിൽ കുലച്ച 20 വാഴകളും, 25 കുലയ്ക്കാത്ത വാഴകളും വെള്ളം കയറി നശിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ അൻപതോളം കുലച്ചവാഴകൾ നശിച്ചു. 50 സെന്റിലെ പൈനാപ്പിൾ കൃഷി വെള്ളത്തിനടിയിലായി. പാറത്തോട് പഞ്ചായത്തിൽ 50 റബ്ബർ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും നശിച്ചു. മണ്ണിടിച്ചിലിൽ ഒരു ഹെക്ടറോളം കൃഷിഭൂമി ഒലിച്ചുപോയി. മണിമലയിൽ കുലയ്ക്കാത്ത നൂറോളം വാഴകളും, ഒരേക്കർ സ്ഥലത്തെ കപ്പക്കൃഷിയും വെള്ളത്തിലായി. എരുമേലി പഞ്ചായത്തിൽ നൂറോളം കുലച്ച വാഴകളും, അൻപതോളം കുലയ്ക്കാത്ത വാഴകളും വെള്ളപ്പൊക്കത്തിൽ നശിച്ചു. മുണ്ടക്കയം പഞ്ചായത്തിൽ കുലച്ച 50 വാഴകളും കുലയ്ക്കാത്ത 50 വാഴകളും നശിച്ചു.