ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ പൂർത്തിയായി; കാഞ്ഞിരപ്പള്ളി താലൂക്കിൽ അഞ്ചു ക്യാമ്പുകളിലായി 169 പേരെ മാറ്റി താമസിപ്പിച്ചു

കാഞ്ഞിരപ്പള്ളി : പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി കാഞ്ഞിരപ്പള്ളി താലൂക്കിൽ 5 ക്യാമ്പുകൾ തുടങ്ങി.എന്തയാർ
ജെ.ജെ. മർഫി സ്കൂളിൽ 14 കുടുംബങ്ങളിലെ 51 ഓളം പേരെയും , പ്ലാപ്പള്ളി ഗവൺമെന്റ് എൽ. പി സ്കൂളിൽ 6 കുടുംബങ്ങളിലെ 17 പേരെയും വീടുകളിൽ നിന്നും മാറ്റി താമസിപ്പിച്ചു. കാവാലി പള്ളി പാരിഷ് ഹാളിൽ ആറു കുടുംബങ്ങളിലെ 17 പേരെയും , കെ. എം. ജെ പബ്ലിക് സ്കൂളിൽ 25 കുടുംബങ്ങളിലെ 64 ഓളം പേരെയും ,ചെറുവള്ളി ഗവൺമെന്റ് എൽ. പി സ്കൂളിൽ ആറ് കുടുംബങ്ങളിലെ 20 പേരെയും വീടുകളിൽ നിന്ന് മാറ്റി താമസിപ്പിച്ചു.

മഴ ശക്തമായതോടെ ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും മുൻനിർത്തിയാണ് ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിയത്.എന്നാൽ ദുരന്ത മേഖലകളായി പ്രഖ്യാപിച്ച മൂപ്പൻ മലയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ആളുകൾ തങ്ങളുടെ വീടുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ തയ്യാറായില്ല.പശു ആട് പന്നി കോഴി പട്ടി പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്ക് വീടുകളിൽ ആണെങ്കിലേ ഭക്ഷണം നൽകുന്നതിന് സാധിക്കു വെന്ന നിർബന്ധത്തിലാണ് 13 ഓളം കുടുംബങ്ങളിലായി 31 പേർ മൂപ്പൻ മലയിൽ തന്നെ താമസിക്കുന്നത് .

ചെന്നൈയിൽ നിന്നെത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ 25 ഓളം പേർ മുണ്ടക്കയം സി.എം.എസ് സ്കൂളിൽ ക്യാമ്പ് ചെയ്യുന്നു.താലൂക്കിലെ അഞ്ച് ക്യാമ്പുകളിലും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.കൂടാതെ അതാത് വില്ലേജ് ഓഫീസർമാർക്കും പ്രത്യേകം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.അഗ്നിശമനസേനയുടെ ഒരു യൂണിറ്റും മുണ്ടക്കയത്ത് ക്യാമ്പ് ചെയ്യുന്നു.

മന്ത്രി വി. എൻ വാസവൻ,സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ,കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം.ജോസുകുട്ടി, മീനച്ചിൽ തഹസീൽദാർ സിന്ധുവിന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും , പോലീസും ദുരന്ത സാധ്യതാമേഖലകളും ,ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളും സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി.

മൂപ്പൻ മലയിൽ താമസിച്ചിരുന്ന രോഗിണിയായ ലക്ഷ്മിക്കുട്ടിയമ്മ -73 – നെയും ഭർത്താവ് നാരായണൻ 75 നെയും കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ. എം ജോസുകുട്ടിയുടെയും ,ഡെപ്യൂട്ടി തഹസീൽദാർമാരായ ജയപ്രകാശ്, മാത്യൂസ് , കൂട്ടിക്കൽ വില്ലേജ് ഓഫീസർ മുഹമ്മദ്, വില്ലേജ് അസിസ്റ്റന്റുമാരുടെയും നേതൃത്വത്തിൽ ഏറെ പണിപ്പെട്ട് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ ചികിത്സയ്ക്കായി ക്യാമ്പിൽ എത്തിച്ചു.

error: Content is protected !!