കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത് രാജിവെച്ചു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം അഡ്വ. സാജൻ കുന്നത്ത് രാജി വെച്ചു. കേരള കോൺഗ്രസ് (എം) അംഗമായ സാജൻ കുന്നത്ത് പാർട്ടിയിലെയും മുന്നണിയിലെയും ധാരണപ്രകാരമാണ് ബുധനാഴ്ച ബി.ഡി.ഒ. എസ്. ഫൈസലിന് രാജി സമർപ്പിച്ചത്.

ഭരണസമിതി അധികാരമേറ്റ് ഒന്നരവർഷവും ഒരു മാസവും പൂർത്തിയാക്കിയ ശേഷമാണ് രാജി. ചോറ്റി ഡിവിഷനിൽനിന്നുള്ള അംഗമാണ് സാജൻ കുന്നത്ത്. കേരള കോൺഗ്രസ് (എം) ന് മൂന്ന് വർഷമാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. അവശേഷിക്കുന്ന കാലയളവിൽ പാർട്ടിയിലെ ധാരണപ്രകാരം മണ്ണാറക്കയം ഡിവിഷനിൽ നിന്നുള്ള ജോളി മടുക്കക്കുഴി വൈസ് പ്രസിഡന്റാകാനാണ് സാധ്യത. അവസാന രണ്ട് വർഷം വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐയ്ക്ക് നൽകുമെന്നാണ് ധാരണ. സി.പി.എമ്മിനാണ് നിലവിൽ പ്രസിഡന്റ് സ്ഥാനം. അവസാന ഒരു വർഷം കേരള കോൺഗ്രസ് എമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിക്കും.

എൽ.ഡി.എഫ്. ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം. -ആറ്, കേരള കോൺഗ്രസ് (എം)- നാല്, സി.പി.ഐ.- രണ്ട്, കോൺഗ്രസ് – മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്ഥാനമൊഴിഞ്ഞ വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്തിന് സഹപ്രവർത്തകരുടെ ഉപഹാരം പ്രസിഡന്റ് അജിത രതീഷ് ഉപഹാരം കൈമാറി.

error: Content is protected !!