കർഷകർ മാറ്റങ്ങൾക്ക് തയ്യാറാകണമെന്ന് ഇൻഫാം ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി. സിറിയക്

കാഞ്ഞിരപ്പള്ളി: കർഷകർ മാറ്റങ്ങൾക്ക് തയ്യാറാകണമെന്ന് ഇൻഫാം ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി. സിറിയക് പറഞ്ഞു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തിയ കർഷക ദിനവും ബഫർസോൺ വിരുദ്ധ ദിനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കൃഷിയിലേക്കും കൃഷിരീതികളിലേക്കും കര്‍ഷകര്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരെ സംരക്ഷിക്കേണ്ട കൃഷിവകുപ്പിനെ വനംവകുപ്പ് വിഴുങ്ങുകയാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. കൃഷി വകുപ്പിന് വനംവകുപ്പിന്റെ കര്‍ഷകവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതികരിക്കാനാവുന്നില്ല. കരിദിനമായി ആചരിക്കാനും കരയാനും വിലപിക്കാനുമുള്ള ദിനമല്ല കര്‍ഷകദിനമെന്നും മറിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണിതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരിയുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കാര്‍ഷിക ജില്ല ജോയിന്റ് ഡറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, കാര്‍ഷികജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല നടത്തിയ വിള സംഭരണത്തില്‍ ഏറ്റവും കൂടുതല്‍ വിള നല്‍കിയ കര്‍ഷകരായ സണ്ണി ജോസഫ് ആയിലുമാലില്‍, ജോര്‍ജുകുട്ടി തെക്കേല്‍, മാത്യു ജോസഫ് തുണ്ടത്തില്‍, ജോബി ജോസഫ് കിടങ്ങയില്‍, ജോജി വാളിപ്ലാക്കല്‍ എന്നിവരെ ആദരിക്കുകയും കാഷ് അവാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.
സമ്മേളനത്തിനു മുന്നോടിയായി അമര്‍ കിസാന്‍ ദീപം തെളിയിക്കല്‍ ജോസ് ഇടപ്പാട്ടും അമര്‍കിസാന്‍ പുഷ്പചക്ര സമര്‍പ്പണം അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിലും നിര്‍വഹിച്ചു.

error: Content is protected !!