കനിവിന്റെ വീടിന് അച്ഛന്റെ സ്മരണയിൽ പത്തുവയസ്സുകാരൻ തറക്കല്ലിട്ടു ..

കണമല : സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിവച്ച്, അർബുദത്തിന്റെ പിടിയിൽ പെട്ട് നിർധനനായ കൂലിപ്പണിക്കാരനായിരുന്ന പമ്പാവാലി നാറാണംതോട് മോളൂർ ഗോപകുമാർ ഓർമയായെങ്കിലും, ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ ഉള്ള തീവ പരിശ്രമത്തിലാണ് കണമല എന്ന കൊച്ചുഗ്രാമം .. വിധിയുടെ വിളയാട്ടത്തിൽ പകച്ചുപോയ ഗോപകുമാറിന്റെ പ്രിയ കുടുബത്തെ, നാട്ടുകാർ കനിവോടെ ചേർത്തുപിടിച്ചു. അവർക്കായി ഒരു കൊച്ചുവീട് പണിത് നൽകുവാനുള്ള ശ്രമത്തിലാണ്, സുമനസ്സുകൾ ഏറെയുള്ള കണമല എന്ന ഗ്രാമം .. ആ കാരുണ്യ വീടിന്റെ തറക്കല്ലിട്ടത് ഗോപകുമാർ മകൻ പത്തുവയസ്സുകാരൻ ഋഷികേശ് ആണ് ….

പമ്പാവാലി നാറാണംതോട് മോളൂർ ഗോപകുമാർ നിർധനനായ കൂലിപ്പണിക്കാരനായിരുന്നു. തകര ഷെഡിലായിരുന്നു ഭാര്യയും മക്കളുമായി ജീവിതം.നല്ലൊരു ചെറിയ വീടിനായി പഞ്ചായത്തിലും മറ്റും ഗോപൻ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഭദ്രമായ ചെറിയൊരു വീട് ഗോപന്റെ ജീവിതത്തിൽ നടക്കാതെ പോയ ഏറ്റവും വലിയ അഭിലാഷമായിരുന്നു. അർബുദ രോഗത്തിൽ ഗോപൻ കഴിഞ്ഞയിടെ വിടപറഞ്ഞപ്പോൾ അനാഥരായി കുഞ്ഞുമക്കളും ഭാര്യയും.

എന്നാൽ നാട് മാറിനിന്നില്ല. അവരെ സ്നേഹത്തോടെ ചേർത്ത് നിർത്തി. ഗോപന്റെ സ്വപ്നം അവർ കമ്മറ്റി രൂപീകരിച്ച് ഏറ്റെടുത്തു. വീടിനായി അധികാര സ്ഥാപനങ്ങളിൽ കയറി നിരാശയിൽ രോഗത്തിന്റെ പിടിയിൽ പൊലിഞ്ഞ ഗോപന് വേണ്ടി അവർ തങ്ങളുടെ സമ്പാദ്യം അങ്ങനെ പകുത്തു. അതിലൂടെയാണ് കഴിഞ്ഞ ദിവസം വീടിന് തറക്കല്ല് പാകിയത്. നിറഞ്ഞ കണ്ണുകളോടെ ഗോപന്റെ മകൻ ശില സ്ഥാപിക്കുന്നത് കണ്ട് നൊമ്പരത്തോടെ നാട്ടുകാർ മടങ്ങിയത് വീടിന്റെ നിർമാണം വേഗം പൂർത്തിയാക്കാനുള്ള തീരുമാനത്തോടെയായിരുന്നു.

കെ ജി പ്രസാദ് കുളങ്ങര പ്രസിഡൻ്റും സുരേന്ദ്രൻ നായർ ചെറിയ വീട്ടിൽ സെക്രട്ടറിയും ആയിട്ടുള്ള ജനകീയ കമ്മറ്റി ഇതിനായുള്ള പ്രവർത്തനത്തിലാണ്. സുമനസ്സുകളുടെ കനിവിൽ വീടിന്റെ നിർമാണം വേഗം പൂർത്തിയാകുമെന്നാണ് ജനകീയ കൂട്ടായ്മയുടെ നിറഞ്ഞ പ്രതീക്ഷ.

error: Content is protected !!